ഷിൻഡെ ശിവസേനയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പുതിയ ശിവസേന ഉണ്ടാക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ : ഏക്നാഥ് ഷിൻഡെ ബിജെപിക്കൊപ്പം ചേർന്ന് ശിവസേനയെ തട്ടിയെടുക്കാനും തകർക്കാനുമാണ് ശ്രമിക്കുന്നതെന്ന് മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണ ശിവസേന പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി അവർ തന്നോടൊപ്പം ഉള്ളിടത്തോളം വിമർശനങ്ങളെയൊന്നും കാര്യമാക്കുന്നില്ലെന്നു ഉദ്ധവ് താക്കറെ പറഞ്ഞു.

ശിവസേനയെ കൂടെയുള്ളവർ തന്നെയാണ് വഞ്ചിച്ചതെന്നും അർഹതയുള്ളവരെ തഴഞ്ഞാണ് ഇവർക്ക് സീറ്റ് നൽകിയതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാമെന്ന് ഷിൻഡെയ്ക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് എംഎൽഎ മാർ ആവശ്യപ്പെടുന്നത് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ബിജെപി ശിവസേനയോട് പെരുമാറിയത് മോശം രീതിയിലാണ്. സഖ്യകക്ഷി എന്ന നിലയ്ക്ക് നൽകിയ വാക്കുകൾ ബിജെപി പാലിച്ചില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഒരു ശിവസേന പ്രവർത്തകനെ മുഖ്യമന്ത്രിയാക്കുമെങ്കിൽ നിങ്ങൾക്ക് ബിജെപിക്ക് ഒപ്പം പോകാമെന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തിനാണെങ്കിൽ അത് എനിക്ക് സാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ശിവസേനയെ നയിക്കാൻ താൻ യോഗ്യനല്ലെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ താൻ രാജി വെയ്ക്കാൻ തയ്യറാണെന്നും അദ്ദേഹം പറഞ്ഞു. ഇനി പോകുന്നവർക്ക് പോകാം താൻ പുതിയ ശിവസേന ഉണ്ടാക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.