പുൽവാമയിൽ വീരമൃതു വരിച്ച ധീരജവാന്മാരെ രാജ്യം ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പുൽവാമയിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മ്മാരെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീരമൃതു വരിച്ച 40 ഓളം സി ആർ പി എഫ് ജവാന്മ്മാർക്ക് ആദരാഞ്ജലികൾ അറിയിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ പറഞ്ഞത്. ജെയ്ഷെ ഇ മുഹമ്മദ്‌ എന്ന പാക് ഭീകര സംഘടനയുടെ നേതൃത്വത്തിലാണ് 2019 ഫെബ്രുവരി 14 ന് വൈകിട്ട് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇന്ത്യൻ സൈന്യത്തിന്റെ ഇടയിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിൽ വയനാട് സ്വദേശിയായ വി വി വസന്തകുമാർ ഉൾപ്പടെ ഉള്ളവർ കൊല്ലപ്പെട്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം ഇതിന്റെ തിരിച്ചടി ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകര ക്യാമ്പായ ബാലാക്കോട്ടിൽ നൽകിയിരുന്നു. പ്രധാനമന്ത്രി യുടെ ട്വിറ്റർ പോസ്റ്റ്‌ ഇങ്ങനെയാണ്. കഴിഞ്ഞ വർഷം അതിദാരുണമായ രീതിയിൽ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് എന്റെ പ്രണാമം. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ധീരന്മാരായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം രാഷ്ട്രം ഒരിക്കലും മറക്കില്ല. എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ട്വീറ്റ്.