ട്രാക്കിൽ ഉസൈൻ ബോൾട്ടിനെ കടത്തിവെട്ടാൻ സായിയുടെ ട്രയലിൽ പങ്കെടുക്കാനൊരുങ്ങി ശ്രീനിവാസ ഗൗഡ

ബാംഗ്ലൂർ: കാളയോട്ട മത്സരത്തിൽ റെക്കോർഡ് വേഗതയിൽ സഞ്ചരിച്ച ശ്രീനിവാസ ഗൗഡ സായിയുടെ ട്രയലിൽ പങ്കെടുക്കാനൊരുങ്ങുകയാണ്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് തയ്യാറാകുകയായിരുന്നു. നിലവിൽ കാളയോട്ട മത്സരമുള്ളതിനാൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള സമയം കുറവാണെന്നും, മാർച്ച്‌ ആദ്യത്തോടുകൂടി തന്റെ മത്സരങ്ങൾ അവസാനിക്കുമെന്നും ശേഷം കായിക ക്ഷമത പരിശീലനത്തിന് ശേഷം സായിയിൽ ട്രയലിനായി പോകുമെന്നും ശ്രീനിവാസ ഗൗഡ വ്യക്തമാക്കി. ഒരു മാസത്തെ സാവകാശം തനിക്ക് തരണമെന്നും ഗൗഡ പറഞ്ഞിട്ടുണ്ട്.

ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡായ 9.58 സെക്കന്റ്‌ ആണ് ശ്രീനിവാസ ഗൗഡ 9.55 സെക്കന്റ്‌ കൊണ്ട് കാളയോട്ട മത്സരത്തിൽ കൂടി തകർത്തെറിഞ്ഞത്. തുടർന്ന് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലും മറ്റുമായി ഇന്ത്യയുടെ ഉസൈൻ ബോൾട്ട് എന്ന പേരും ആരാധകർ ഇടുകയും ചെയ്തു. കർണ്ണാടകയിലെ മംഗലാപുരത്തിനടുത്ത് താമസിക്കുന്ന ശ്രീനിവാസ ഗൗഡ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.

ദേശീയ മാധ്യമ ഏജൻസിയായി എ എൻ ഐയുടെ അഭിമുഖത്തിൽ ഉസൈൻ ബോൾട്ടിനെ കടത്തി വെട്ടിയല്ലോയെന്ന ചോദ്യത്തിന് ഞാൻ ചെളിയിലോടുന്നവനല്ലേ ഉസൈൻ ബോൾട്ടൊക്കെ ട്രാക്കിൽ ഓടുന്ന ആളല്ലേ എനിക്ക് ട്രാക്കിൽ അതുപോലെ ഓടാൻ പറ്റുമോന്നു അറിയില്ലന്നുമാണ് ശ്രീനിവാസ ഗൗഡ പറഞ്ഞത്. സായിയുടെ ട്രയലിൽ പങ്കെടുക്കുന്നില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഗൗഡ ഒടുവിൽ സമ്മതിക്കുകയായിരുന്നു.