ഡൽഹി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി: നിരവധി പേര് ഗുരുതരാവസ്ഥയിൽ

ഡൽഹി: പൗരത്വ നിയമത്തെ അനുകൂലിച്ചു നടന്ന റാലിക്ക് നേരെ ഒരു വിഭാഗം ആളുകൾ നടത്തിയ അക്രമത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിൽ നടന്ന സംഘർഷാവസ്ഥയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിൽ നിരവധി വീടുകൾ വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ അക്രമികൾ തീവെച്ചു നശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ചു നടന്ന റാലിയ്ക്ക് നേരെ ഒരു വിഭാഗം ആളുകൾ കല്ലേറ് നടത്തുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയും ആക്രമണം ഉണ്ടായത്. ഡൽഹിയിലെ ബാബർപുർ, ഗോകുൽപുരി, ശിവ് വിഹാർ, എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളും സംഘർഷം കണക്കിലെടുത്തു അടച്ചിട്ടിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപ് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഡൽഹി യുദ്ധക്കളമായി മാറിയത്. അക്രമികളെ പിരിച്ചു വിടാനായി പോലീസ് ടിയർഗ്യാസും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സ്ഥലം കനത്ത പോലീസ് കാവലിലാണ്.