ഡൽഹിയിൽ കലാപകാരികളുടെ വെടിയേറ്റ് മരിച്ച രത്തൻലാലിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായവും സർക്കാർ ജോലിയും

ഡൽഹി: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോപത്തിൽ ഡൽഹിയിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ രത്തൻലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം പറഞ്ഞത്. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. കൂടാതെ നൂറുകണക്കിന് ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ വേണ്ടി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്രമാസമാധാനത്തിനായി സർക്കാർ സ്പെഷ്യൽ കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക് ചുമതല കൊടുത്തു. കൂടാതെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽകിയിട്ടുണ്ട്.