കൊറോണ വൈറസ് ബാധിച്ചു രാജ്യത്ത് ആദ്യമായി ഒരാൾ മരണമടഞ്ഞു

കർണ്ണാടക: കോവിഡ് 19 വൈറസ് ബാധിച്ചു രാജ്യത്ത് ആദ്യമായി ഒരാൾ മരണപ്പെട്ടു. കർണ്ണാടക കുൽബർഗി സ്വദേശിയായ മുഹമ്മദ്‌ ഹുസൈൻ സിദ്ധിഖിയെന്ന 76 കാരനാണ് മരണമടഞ്ഞത്. സൗദി ഉംറയിൽ പങ്കെടുത്ത ശേഷം ഫെബ്രുവരി 29 നാണ് തിരിച്ചെത്തുന്നത്. ഹൈദരാബിലേക്കാണ് അദ്ദേഹം സൗദിയിൽ നിന്നുമെത്തിയത്. ശേഷം വീട്ടിലേക്ക് വന്നതിനെ തുടർന്ന് ചുമയും മറ്റും കൂടിയതിനെ തുടർന്ന് മാർച്ച്‌ അഞ്ചിന് സർക്കാർ ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തുകയായിരുന്നു. പരിശോധനയിൽ കൊറോണയുടെ രോഗ ലക്ഷണവും ന്യുമോണിയയും ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിതീകരിക്കുകയായിരുന്നു. തുടർന്ന് അവിടെ തന്നെയുള്ള ഇരു സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സതേടി.

കൊറോണ ഉള്ളതായി സംശയിച്ചതിനെ തുടർന്ന് രക്തസാമ്പിളുകൾ ബാംഗ്ളൂരിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. എന്നാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെ പാടെ അവഗണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതർ ചികിത്സയ്ക്കുള്ള സംവിധാനമില്ലെന്ന് പറഞ്ഞതോടെ മുഹമ്മദിനെ വീണ്ടും തിരികെ സർക്കാർ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.