ഇറാനിൽ ഇന്ത്യ നടത്തിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കുറിപ്പ്

ഇറാനിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ചികിത്സ നിഷേധിച്ച ഇറാൻ നടപടിയ്ക്കെതിരെ ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് സമ്പൂർണ മെഡിക്കൽ ലാബ് തന്നെ അയയ്ക്കുകയും ഇന്ത്യക്കാരിൽ വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. ശേഷം അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ നീക്കി കഴിഞ്ഞു. ഇത്തരത്തിൽ ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും വരെ ഇന്ത്യക്കാരെ കേന്ദ്ര സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ മൂലം ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിച്ചു. സംഭവത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർ എഴുതുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

എന്റെ രാജ്യം അതിന്റെ പൗരൻമാരോട് കാണിക്കുന്ന കരുതൽ ഈ ചിത്രങ്ങളിൽ ഉണ്ട്. ഇറാനിലേക്ക് ഒരു സമ്പൂർണ്ണ മെഡിക്കൽ ലാബ് തന്നെ ഇന്ത്യ അയച്ചു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. അവരെ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നു. ഇറ്റലിയിലും സമാനമായ രക്ഷാപ്രവർത്തനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ചൈനയിൽ നിന്നും ഇതുപോലെതന്നെ നൂറുകണക്കിന് ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടു വന്നിരുന്നു. ജപ്പാനിൽ കൊറോണാ ബാധിതരുള്ള കപ്പലിൽ അകപ്പെട്ട 119 ഇന്ത്യക്കാരെയും രക്ഷിച്ചു. കൊറോണ വൈറസ് ബാധയെ സംയുക്തമായി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സാർക്ക് രാഷ്ട്രങ്ങളുടെ സംയുക്ത വീഡിയോ കോൺഫറൻസിങ് നടത്തുന്നു. പാകിസ്ഥാനും ഇതിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിശ്രമങ്ങൾക്ക് മുഴുവൻ സാർക്ക് രാഷ്ട്രത്തലവന്മാരും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ നിശബ്ദമായി എന്നാൽ ചടുലതയോടെ നടത്തിയ പ്രവർത്തനങ്ങളും നാം കാണാതെ പോകരുത്. ഡോക്ടർ ഹർഷവർദ്ധൻ ആണ് രാജ്യത്തെമ്പാടും വിജയകരമായി നടന്ന പൾസ് പോളിയോ യജ്ഞത്തിന് പിറകിലെ ബുദ്ധികേന്ദ്രം. ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നതിന് ഡോക്ടർ ഹർഷവർദ്ധൻ വഹിച്ച പങ്ക് ലോകം മുഴുവൻ അംഗീകരിച്ചതാണ്. ബിൽ ഗേറ്റ്സ് ഡോക്ടർ ഹർഷവർദ്ധനെ കുറിച്ച് പറഞ്ഞത് താഴെ നൽകുന്നു

“I would like to compliment Dr. Harsh Vardhan heartily for his remarkable achievement. He started the campaign in Delhi and soon it emerged as a nationwide mission. Indeed, the pulse polio drive became the largest mass campaign, with exemplary public-private partnership, for the cause of making India a healthy society” .

ഡോക്ടർ ഹർഷവർദ്ധൻ അദ്ദേഹം ചെയ്യേണ്ട കർമ്മങ്ങൾ എല്ലാം കൃത്യതയോടെ അവധാനതയോടെ ചെയ്യുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രിമാരെ ഒപ്പം കൊണ്ടു നടക്കുന്നുണ്ട്. അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു ക്യാപ്റ്റൻ എങ്ങനെ പ്രവർത്തിക്കണം ഡോക്ടർ ഹർഷവർദ്ധനൻ കാണിച്ചുതരുന്നു. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടു വന്ന ഇന്ത്യൻ എയർ ഫോഴ്സിനെയും ഈ രോഗബാധക്കെതിരെ ഉള്ള പോരാട്ടത്തിൽ നിസ്തുലമായ രാഷ്ട്ര സേവനം ചെയ്യുന്ന ഇന്ത്യൻ ആർമിയേയും സല്യൂട്ട് ചെയ്യുന്നു. ഒപ്പം തങ്ങളുടെ കർത്തവ്യം ആത്മാർത്ഥമായി നിർവഹിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരെയും ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു