കോവിഡ് 19: കൊറോണ ബാധിതർക്ക് സഹായമഭ്യർത്ഥിച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

ഡൽഹി: കൊറോണ വൈറസ് സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായുള്ള ധനസഹായം ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ പ്രഖ്യാപിക്കുകയും പിന്നീട് “ചെറിയ തിരുത്തൽ’ എന്ന് പറഞ്ഞു കേന്ദ്രം അത് പിൻവലിച്ച സംഭവത്തിലാണ് തുക നിഷേധിച്ചാൽ ചികിത്സ രംഗത്ത് അത് വലിയ പ്രത്യാഘതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

റദ്ധാക്കിയ നടപടി പിൻവലിക്കണമെന്നും കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവർക്ക് ഈ ധനസഹായം വലിയൊരു ആശ്വാസമാകുമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. പിൻവലിച്ചാൽ അത് ദുരിതാശ്വാസത്തിനും സഹായത്തിനും വേണ്ടിയുള്ള ദുരിതാശ്വാസ നിധിയുടെ അർത്ഥം തന്നെ ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി കൂടി വരികയാണ്. നിരവധി ആളുകൾ നിരീക്ഷണത്തിലുമാണ്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും.