നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ മെയ് പകുതിയോടെ 13 ലക്ഷം കൊറോണ രോഗികൾ ഇന്ത്യയിലുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ

ഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞില്ലെങ്കിൽ മെയ് പകുതിയോടെ ഇന്ത്യയിൽ 13 ലക്ഷത്തോളം കൊറോണ രോഗികൾ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ആശങ്ക പരത്തിക്കൊണ്ട് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. കൊറോണ സ്റ്റഡി ഗ്രുപ്പിലെ ഗവേഷകരും ഡാറ്റ ശാസ്ത്രജ്ഞരും വിദഗ്ധരും കൂടിയാണ് ഈ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

രോഗലക്ഷങ്ങൾ പരിശോധിക്കുന്നത് ഇന്ത്യയിൽ സാവകാശമാണെന്നും മാർച്ച്‌ 18 വരെ കൊണ്ട് 11500 രക്തസാമ്പിളുകൾ മാത്രമേ പരിശോധിച്ചിട്ടുള്ളുവെന്നും അവർ പറയുന്നു. ഇത്തരത്തിൽ പരിശോധന ഫലം വരുന്നത് താമസിക്കുന്നത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ആണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും ഇറ്റലിയിലും ഇത്തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അവിടെ പതുക്കെ പടർന്നു ഒടുവിൽ കാട്ടുതീ പോലെ വ്യാപിക്കുകയാണ് ഉണ്ടായതെന്നും ശാസ്ത്രജ്ഞർ പറയുന്നു.