കോവിഡ് 19: പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ നിന്നും കേന്ദ്രസർക്കാർ 1.70 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്ര സർക്കാരിന്റെ ഈ പ്രഖ്യാപനം ശരിയായ ദിശയിലേക്കാണെന്നും ലോക്ക് ഡൌൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ള കർഷകർക്കും തൊഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും എല്ലാവർക്കും ഗുണപ്രദമായ രീതിയിലുള്ള തീരുമാനത്തിൽ ജനങ്ങൾക്ക് എന്നും കടപ്പാട് ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ കുറിച്ചു.