മൂന്ന് മാസത്തേക്ക് ബാങ്ക് വായ്‌പകൾ തിരിച്ചടയ്ക്കണോ ? ആർക്കൊക്കെയാണ് പ്രയോചനം ലഭിക്കുക ഏതൊക്കെ ബാങ്കുകളുടെ വായ്പകളാണ് അടയ്ക്കാതെ ഇരിക്കാവുന്നത്

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രലഖ്യാപിച്ചിരുന്നു. എന്നാൽ മൂന്ന് ആഴ്ച വീട്ടിൽ ഇരിക്കുന്നവർ ബാങ്ക് വായ്പകളുടെയും മറ്റും തിരിച്ചടവുകളെ കുറിച്ച് ആശങ്കയിലായിരുന്നു. ഇന്ന് റിസർബാങ്ക് എല്ലാ വായ്പ്പകൾക്കും മൊറൊട്ടോറിയം ഏർപ്പെടുത്തി സംഗത്ത് വന്നതോടെ ബാങ്ക് വായ്പകളുടെ കാര്യത്തിലെ ആശങ്ക മാറി. ഈ വിഷയത്തിൽ ജിതി ജേക്കബ് എഴുതിയ കുറിപ്പ് വായിക്കാം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കോവിഡിന് എതിരെയുള്ള യുദ്ധത്തിൽ രംഗത്തിറങ്ങി.

കൊമേർഷ്യൽ ബാങ്കുകളിൽ നിന്നെടുത്ത എല്ലാ വായ്പ്പകൾക്കും 3 മാസത്തെ മൊറൊട്ടോറിയം ആണ് RBI പ്രഖ്യാപിച്ചിട്ടുള്ളത്.

കൊമേർഷ്യൽ ബാങ്കുകൾ എന്നാൽ നമ്മുടെ നാട്ടിലെ എല്ലാ ബാങ്കുകളും വരും. ഉദ്ദാഹരണത്തിനു SBI, കനറാ ബാങ്ക്, PNB, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, HDFC, ICICI, Axis Bank, കൊടക് മഹീന്ദ്ര മുതലായവ.

അതുകൂടാതെ ഗ്രാമീൺ ബാങ്കുകൾ, ഇസാഫ് പോലുള്ള സ്മാൾ ഫിനാൻസ് ബാങ്കുകൾ, കോ ഓപ്പറേറ്റീവ് ബാങ്കുകൾ, മുത്തൂറ്റ്, മണപ്പുറം, ബജാജ് ഫിനാൻസ്, ടാറ്റ ക്യാപിറ്റൽ മുതലായ NBFC കൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, DHFL പോലുള്ള Housing ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം എടുത്ത എല്ലാത്തരം വായ്പ്പകൾക്കും മൊറൊട്ടോറിയം ബാധകം ആണ്.

ഭവന വായ്പ്പ, പേർസണൽ ലോൺ, ഗോൾഡ് ലോൺ, വാഹന ലോൺ, കാർഷിക ലോൺ, ബിസിനസ് ലോൺ എന്നിങ്ങനെ എല്ലാം ഇതിൽ വരും.

പ്രേത്യേകം ശ്രദ്ധിക്കുക ക്രെഡിറ്റ് കാർഡുകളുടെ തിരിച്ചടവിന് മൊറൊട്ടോറിയം ഇല്ല എന്നാണ് അറിയുന്നത്.

മൊറൊട്ടോറിയം ലഭിക്കുക മാർച്ച് 1 ന് നിഷ്ക്രിയ ആസ്തിയായി (NPA) കണക്കാക്കാത്ത വായ്പ്പകൾക്കാണ്. അതായത് വിജയ് മല്ല്യയെപോലുള്ളവർക്ക് മൊറൊട്ടോറിയം കിട്ടില്ല എന്ന്.

വായ്പ്പയുടെ തിരിച്ചടവ് സേവിങ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് കിടക്കുക ആണെങ്കിൽ ആ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ തിരിച്ചടവ് ദിവസം ഓട്ടോമാറ്റിക്കായി ലോൺ അക്കൗണ്ടിലേക്ക് പണം പോകും. നിങ്ങള്ക്ക് മൊറൊട്ടോറിയം വേണം എങ്കിൽ ഒന്നെങ്കിൽ ലോൺ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലെ പണം വേറെ ഏതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുക അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക.

മൊറൊട്ടോറിയം ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്. വായ്പ്പ തിരിച്ചടയ്ക്കാൻ കഴിവുള്ളവർ അടയ്ക്കുന്നത് തന്നെയാണ് നല്ലത്. മൊറൊട്ടോറിയം കൊണ്ടുള്ള നേട്ടം മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട എന്നുള്ളതാണ്. ഓവർഡ്രാഫ്ട് അക്കൗണ്ടുകൾക്ക് പലിശയും അടയ്‌ക്കേണ്ട.

സാധാരഗതിയിൽ മൊറൊട്ടോറിയം പ്രഖ്യാപിച്ചാലും ബാങ്കുകൾ ചെയ്യുക ഒന്നെങ്കിൽ വായ്പ്പയുടെ കാലാവധി മൊറൊട്ടോറിയം കാലാവധിയുടെ അത്രയും കൂടി നീട്ടി നൽകും. അതായത് 3 വർഷത്തെ വായ്പ്പയാണ് ഉള്ളത് എങ്കിൽ മൊറൊട്ടോറിയം കാലത്തെ 3 മാസം കൂടി ചേർത്ത് തിരിച്ചടവ് കാലാവധി 3 വർഷവും 3 മാസവുമാക്കി മറ്റും.

അല്ലെങ്കിൽ മൊറൊട്ടോറിയം കാലാവധി കഴിയുമ്പോൾ മാസം അടയ്‌ക്കേണ്ട തിരിച്ചടവ് തുക മൊറൊട്ടോറിയം കാലത്തെ തിരിച്ചടവ് കൂടി ചേർത്ത് Reschedule ചെയ്യും. മുകളിൽ പറഞ്ഞ ഉദ്ദാഹരണം പ്രകാരം 3 വർഷത്തെ വായ്പ്പയുടെ തിരിച്ചടവ് കാലാവധി മാറില്ല, പകരം മാസം അടയ്‌ക്കേണ്ട തുകയിൽ വ്യത്യാസം വരും.

മൊറൊട്ടോറിയം കാലത്തും ബാങ്കുകൾ വായ്പ്പയുടെ പലിശ ഈടാക്കും, ആ തുക അപ്പോൾ കൊടുക്കേണ്ട എന്നത് മാത്രമാണ് മൊറൊട്ടോറിയം കൊണ്ടുള്ള നേട്ടം.

ഇപ്പോഴത്തെ മൊറൊട്ടോറിയം പ്രാഖ്യാപനത്തിൽ RBI പ്രത്യേകം പറയുന്നുണ്ട് മാർച്ച് 1 മുതൽ മൂന്ന് മാസത്തേക്ക് തിരിച്ചടവ് ഇല്ലെങ്കിലും കിട്ടാക്കടം ആക്കരുത് എന്ന്. സിബിൽ പോലുള്ള ക്രെഡിറ്റ് റേറ്റ് ഏജൻസികളോടും RBI ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് റേറ്റിംഗിൽ താഴെ പോകും എന്ന ഭീതിവേണ്ട.

മൊറൊട്ടോറിയം എല്ലാ വായ്പ്പകൾക്കും ഓട്ടോമാറ്റിക് ആയി ബാധകമാകുമോ അതോ ഇടപാടുകാർ അതിനുവേണ്ടി അപേക്ഷ നൽകണമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് പ്രഖ്യാപിച്ച മൊറൊട്ടോറിയം സമയത്ത് ഇടപാടുകാരോട് മൊറൊട്ടോറിയം വേണമോ എന്ന് ചോദിച്ചിരുന്നു. മറുപടി നല്കാതിരുന്നവർക്ക് മൊറൊട്ടോറിയം ബാധകമാകുക ആണ് ചെയ്തത്.

എന്തായാലും RBI യുടെ ഈ പ്രഖ്യാപനം ബാങ്കുകൾക്കും, കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്കും, വ്യാപാര സമൂഹത്തിനും, വ്യവസായികൾക്കും, ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് ആകെയും വലിയ ആശ്വാസം ആണ് നൽകിയിരിക്കുന്നത്.

RBI പലിശ നിരക്ക് കുത്തനെ കുറച്ചതോടെ ബാങ്കുകൾ ഈടാക്കുന്ന പലിശയിലും കാര്യമായ കുറവ് ഉടൻ വരും. ഇന്നത്തെ പ്രഖ്യാപനത്തോടെ ഏതാണ്ട് 3.74 ലക്ഷം കോടി രൂപയാണ് വിപണിയിൽ എത്തുക.

മൊറൊട്ടോറിയവുമായി ബന്ധപ്പെട്ടു കുറച്ചു കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളിൽ ആക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു