ഡൽഹിയിൽ അനധികൃതമായി ആൾക്കൂട്ടം: കർശന നടപടികളുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അനധികൃതമായി ആളുകൾ കൂട്ടം കൂടിയതിനെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് ഗതാഗതത്തിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയെയും ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും അടിയന്തിരമായി സസ്‌പെൻഡ് ചെയ്തു. കൂടാതെ രണ്ടു ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

ഡൽഹിയിലെ ആനന്ദ് വിഹാറിൽ ഇതര സംസ്ഥാന തൊഴിലാളികൾ അനധികൃതമായി കൂട്ടം കൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശിന്റെ അതിർത്തികളിൽ വാഹനങ്ങൾ കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നതിനെ തുടർന്നാണ് തൊഴിലാളികൾ തടിച്ചു കൂടിയത്. ഇത്തരം സംഭവങ്ങൾ നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടുന്നതിന് സഹായകമാകുമെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെടുത്തത്.