കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്താൽ നടപടി: സംഭവത്തിന്റെ വസ്തുത ഇതാണ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി വിവരങ്ങൾ ഷെയർ ചെയ്താൽ ശിക്ഷ ലഭിക്കുമെന്നുള്ള തരത്തിൽ സന്ദേശങ്ങൾ പുറത്തു വിട്ടതിന്റെ വസ്തുത ഇതാണ്. ഫേസ്ബുക്കിലും വാട്സ്അപ്പിലും മറ്റുമായി വ്യാപകമായി പ്രചരിച്ച സന്ദേശം വ്യാജമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള ഒരു സന്ദേശം നൽകിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനായി പ്രിൻസിപ്പൽ സെക്രട്ടറി രവി നായക് നൽകിയ സന്ദേശം എന്ന നിലയിലായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്ന് വസ്തുതാ പരിശോധക വെബ്‌സൈറ്റായ ബൂ ലൈവ് കണ്ടെത്തി.

കൊറോണ വൈറസ് സംബന്ധിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേസ് ചാർജ് ചെയ്യുമെന്നും ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു സന്ദേശം. തുടർന്ന് ഈ സന്ദേശം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് മുന്നറിയിപ്പുമായി തുടർന്നുള്ള സന്ദേശം എത്തിയത്. കൂടാതെ സർക്കാരിന് മാത്രമാണ് കൊറോണ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ അധികാരമുള്ളതെന്നും അല്ലാത്ത ഗ്രുപ്പ് അഡ്മിൻമാർ അടക്കമുള്ളവർക്കെതിരെ ഐ ടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പാണെന്നുമായിരുന്നു സന്ദേശം.