ലാഹോർ: പാക് ഭീകരനും 2008ലെ മുംബയ് ഭീകരാക്രമണത്തിലെ സൂത്രധാരന്മാരില്‍ ഒരാളുമായ ഹാഫിസ് അബ്‌ദുള്‍ റഹ്മാൻ മക്കി ( 70 ) മരിച്ചെന്ന് റിപ്പോർട്ട്.
ഹൃദയാഘാതം മൂലം ഇന്നലെ ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹ ബാധിതനായിരുന്ന ഇയാള്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങളുമായി ഇയാള്‍ സജീവമായിരുന്നു. 2008 നവംബർ 26ന് 26 വിദേശികള്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് മക്കി. ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍.
ഇന്ത്യയ്ക്കെതിരേ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരേ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്കറെ തൊയ്ബയുടെ (എല്‍.ഇ.ടി.) ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയുടെ നോട്ടപ്പുള്ളി :
- നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ ഉപതലവൻ
- 2000 ഡിസംബർ 22ലെ ചെങ്കോട്ട ആക്രമണത്തിലും പങ്ക്
- ലഷ്‌കറെ ത്വയ്ബയിലെ ഉന്നത പദവികള്‍ വഹിച്ചു
- 2023 ജനുവരിയില്‍ യു.എൻ രക്ഷാസമിതി ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി
- മക്കിയെ യു.എസും ഇന്ത്യയും ഭീകരനായി പ്രഖ്യാപിച്ചിരുന്നു
- ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് യു.എസ് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു
- ഭീകരർക്ക് ധനസഹായം നല്‍കിയതിന് 2020ല്‍ പാക് കോടതി ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചെങ്കിലും പിഴയായി ചുരുക്കി
തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കിയ കേസില്‍ മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. ഐക്യരാഷ്ട്രസഭയാകട്ടെ 2023 ല്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യു എൻ ഇയാളുടെ ആസ്തി സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യാത്രാ വിലക്ക്, ആയുധ ഉപരോധം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ പ്രത്യയശാസ്ത്രത്തിൻ്റെ വക്താവായിരുന്നു മക്കിയെന്ന് പാകിസ്ഥാൻ മുത്തഹിദ മുസ്ലീം ലീഗ് (പി എം എം എല്‍) പ്രസ്താവനയില്‍ പറഞ്ഞു.