ഇറാനില്‍ ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിച്ച ഗായിക അറസ്റ്റിലായി. മാസാൻദരാൻ പ്രവിശ്യയിലെ സാരി നഗരത്തിലാണ് സംഭവം.പരസ്‌തൂ അഹ്മദി (27) ആണ് അറസ്റ്റിലായത്. തന്റെ മ്യൂസിക് വീഡിയോ പരസ്‌തൂ കഴിഞ്ഞ ആഴ്ച യൂട്യൂബില്‍ പങ്കുവച്ചിരുന്നു.
കറുത്ത സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച്, തല മറയ്ക്കാതെയാണ് ഗായിക പ്രത്യക്ഷപ്പെട്ടത്. നാല് പുരുഷ സംഗീതജ്ഞരും വീഡിയോയിലുണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പരസ്തൂവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിലുള്ള മറ്റുള്ളവരും അറസ്റ്റിലായെന്നാണ് വിവരം.
പരസ്തുവിന്റെ സംഗീത ട്രൂപ്പിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാന്‍ ബെരഗ്ദാര്‍, സൊഹൈല്‍ ഫാഗിഹ്‌നസിരി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.അറസ്റ്റിലായതിന് ശേഷം പരസ്തു അഹമ്മദിയെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ലെന്ന് അഹമ്മദിയുടെ അഭിഭാഷകന്‍ മിലാദ് പനാഹിപൂര്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാത്ത സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷയാണ് ഇറാൻ ഭരണകൂടം നല്‍കുന്നത്. പൊതു ഇടങ്ങളില്‍ പാടുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.ഹിജാബ് നിയമത്തില്‍ ഇറാന്‍ സര്‍ക്കാര്‍ പരിഷ്‌കരണം വരുത്തിയത് അടുത്തിടെയാണ് . ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് പിഴയോ, ചാട്ടവറടിയോ, ജയില്‍ ശിക്ഷയോ വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്‌കരിച്ചത്.
Iran arrests singer for performing virtual YouTube concert without wearing hijab