വിഷുദിനത്തിൽ വിവാദമായ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ പറയുന്നു ; ആരെയും അപമാനിക്കാനല്ല

വിഷുദിനത്തിൽ ബിജെപി കേരളയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന വിഷു ആശംസ ചിത്രം വിവാദമായിരുന്നു. ശ്രീകൃഷ്ണൻ കയ്യിൽ സാനിറ്റൈസറും മുഖത്ത് മാസ്കും ധരിച്ച ചിത്രമാണ് വിവാദമായത്. ഹൈന്ദവ ദൈവങ്ങളെ ബിജെപി അപമാനിച്ചു എന്ന തരത്തിൽ ചിലർ ഇതിനെതിരെ പ്രാർതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ബിജെപി കേരളം പേജിൽ നിന്നും ചിത്രം നീക്കം ചെയ്തിരുന്നു.

അതേസമയം ചിത്രം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ സൂരജ്. ഭഗവാൻ ശ്രീകൃഷ്‌ണൻ സന്ദേശം നൽകുന്ന രൂപത്തിലാണ് ചിത്രമെടുത്തിരിക്കുന്നതെന്നും ആരെയും അപമാനിക്കാനിയിരുന്നില്ല എന്നും സൂരജ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സൂരജ് ഇക്കാര്യം വ്യക്തമാക്കിയത്.

സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ;

ഞാൻ സൂരജ്
ഫോട്ടോഗ്രാഫർ ആണ്
പത്തനംതിട്ട ജില്ലയിലെ
തെള്ളിയൂർ എന്ന പ്രദേശത്ത്
കളേഴ്സ് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.

ഇപ്പോൾ
വിവാദമായ മാസ്ക് ധരിച്ച സാനിട്ടൈസർ
കയ്യിൽ പിടിച്ച കൃഷ്ണ വേഷം ഫോട്ടോ എടുത്ത് വിഷു ദിനത്തിൽ അവതരിപ്പിച്ച ആൾ ഞാൻ ആണ്.

ഉദ്ദേശം ഈ വൈറസ്

വ്യാപനസമയത്ത് സോഷ്യൽ മീഡിയയിൽ കൂടി “മാസ്ക് ധരിക്കൂ, സാനിട്ടൈസർ ” ഉപയോഗിക്കൂ എന്ന സന്ദേശം കൃഷ്ണന്റെ രൂപത്തിൽ ഭഗവാൻ നമുക്ക് സന്ദേശം തരുന്നു എന്ന രീതിയിൽ അവതരിപ്പിക്കുക എന്നതായിരുന്നു.

അത് കൃഷ്ണവേഷത്തിൽകൂടി ആവുമ്പോൾ കൂടുതൽ പേർ അതിനെ ഉൾക്കൊള്ളും എന്നും നല്ലവരായ ജനങ്ങൾ വിഷുദിനത്തിൽ അതിനെ ഏറ്റെടുക്കും എന്ന് കരുതി തന്നെ ആണ് അങ്ങനെ ഒരു ചിത്രം അവതരിപ്പിച്ചത്.

എന്നാൽ സംഭവിച്ചത്
കുറേപേർ നല്ല രീതിയിൽ ഏറ്റെടുത്തു , കുറചുപേർ അതിനെ നന്നായി വിമർശിച്ചു.

വിമർശിക്കുന്നവരോട്
പരാതിയോ പരിഭവമോ ഇല്ല.
ഏറ്റെടുത്തവരോട് സന്തോഷം മാത്രം ഈ സന്ദേശ ചിത്രം കേരളം മുഴുവൻ വൈറൽ ആയി എന്നതിൽ അഭിമാനവും ഉണ്ട്.

ഭഗവദ് ഗീതയിൽ
പറഞ്ഞിരിക്കുന്നത്

യോ മാം പശ്യതി സർവത്ര
സർവം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമേ
സ ച മേ ന പ്രണശ്യതി

( സർവത്ര എന്നെമാത്രം
കാണുകയും, സർവത്തെയും എന്നിൽ കാണുകയും ചെയ്യുന്നതാരോ , എന്നെ സംബന്ധിച്ചിടത്തോളം അവനും നാശമില്ലാത്തവനാണ് )

എല്ലാത്തിലും ഭഗവാനെ
കാണാം എന്ന് കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഇപ്പോഴത്തെ ഈ പ്രത്യേകസാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള മാർഗം ആയി ഈ കൃഷ്ണ വേഷത്തിലുള്ള ചിത്രം എടുത്തതിൽ എനിക്ക് ഒട്ടും കുറ്റംബോധം ഇല്ല.

പിന്തുണച്ചവരോടും
വിമർശിച്ചവരോടും സ്നേഹവും നന്ദിയും മാത്രം. ?