സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം നിയന്ത്രിച്ചേക്കും: 15 ദിവസത്തെ മാത്രം നൽകിയേക്കും

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിയന്ത്രണങ്ങൾ കൊണ്ട്വന്നേക്കും. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടപടിഎടുക്കുന്നു എന്ന് കൂടി നോക്കിയിട്ടായിരിക്കും കേരളത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരിക. വരുന്ന മാസം ഏപ്രിലിലെ 15 ദിവസത്തെ മാത്രം ശമ്പളം നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. സാലറി ചലഞ്ചിലും ഇതുവരെ തീരുമാനമാകാത്തതിനാൽ അടുത്ത മാസത്തെ ശമ്പളത്തിന്റെ കാര്യത്തിലും പ്രതിസന്ധി നേരിടേണ്ടി വരും.

പല ഗഡുക്കളായി ഒരുമാസത്തെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ച് ഗുണത്തിൽ വന്നില്ലെങ്കിൽ ഇത്തരത്തിൽ സാലറി നിയന്ത്രണത്തിലൂടെ ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കേന്ദ്രസർക്കാർ സാമ്പത്തികമായി സഹായിക്കുമെന്നുള്ള പ്രതീക്ഷയും സർക്കാരിനുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള പണം ഇല്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം 2250 കോടി രൂപയുടെ ബില്ലുകൾ മാറാനുണ്ട്. ഇത് കൊടുത്തു കഴിയുന്നതോടെ കടമെടുത്തില്ലെങ്കിൽ മെയ്യോടു കൂടി ഖജനാവ് കാളിയാകുമെന്നുമാണ് വിലയിരുത്തുന്നത്.