കൊറോണ വൈറസ് സോപ്പ് വെള്ളത്തിൽ നശിക്കും: എന്നാൽ അറബിക്കടലിലെ മുഴുവൻ വെള്ളവുമെടുത്തു കഴുകിയാലും സിപിഎമ്മിന്റെ പാപക്കറ തീരില്ലെന്നു വിമർശനവുമായി കെ എം ഷാജി

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ വെ-ട്ടിയ സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ എം ഷാജി എം എൽ എ രംഗത്ത്. കൊറോണ വൈറസ് സോപ്പ് വെള്ളത്തിൽ കഴുകിയാൽ നശിച്ചു പോകുമെന്നും എന്നാൽ സിപിഎമ്മിന്റെ പാപക്കറ അറബിക്കടലലെ മുഴുവൻ വെള്ളത്തിൽ കഴുകിയാലും തീരില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

സോപ്പ്‌ വെള്ളത്തിൽ കഴുകിയാൽ കൊറോണ വൈറസ് നശിച്ചു പോകും; പക്ഷെ, അറബിക്കടലിലെ മുഴുവൻ വെള്ളവുമെടുത്ത്‌ കഴുകിയാലും തീരില്ല സിപിഎം എന്ന പാർട്ടിയുടെ പാപക്കറ!! ആലപ്പുഴയിൽ കമ്യൂണിറ്റി കിച്ചനടക്കമുള്ള കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന സുഹൈലിനെ DYFI പ്രവർത്തകർ വെട്ടിപരിക്കേൽപിക്കുമ്പോൾ അതൊരു യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല!! ചോദ്യങ്ങൾ ചോദിക്കാൻ ആർജ്ജവം കാണിക്കുന്ന പത്രക്കാർക്കെതിരെ ക്രുദ്ധനായി ചാടുന്ന മുഖ്യന്റെ ശരീര ഭാഷയിൽ തന്നെ വെല്ലുവിളിയുടെയും ഭീഷണിയുടെയും ആഹ്വാനമുണ്ട്‌!! കൃഷിയെകുറിച്ചായിരുന്നല്ലൊ ഇന്നലെ വൈകുന്നെരത്തെ മുഖ്യന്റെ ക്ലാസ്സ്‌ ; അതുകഴിഞ്ഞായിരുന്നോ പാർട്ടി അണികൾക്കുള്ള വാഴ”കൊല” യെ കുറിച്ചുള്ള ക്ലാസ്സെന്നറിയാൻ താൽപര്യമുണ്ട്‌!!

പ്രളയം വന്നാലും, ഓഖി വന്നാലും, കോവിഡ്‌ വന്നാലും ഇവർ മാത്രം മാറില്ല; ഇവരുടെ കാപാലിക രാഷ്ട്രീയവും!! ഡി വൈ എഫ് ഐ സംസ്ഥാന നേതാവ് പറഞ്ഞ ‘ശവം തീനികൾ’ അവർ തന്നെയാണ് എന്ന് പിന്നെയും പിന്നെയും കേരള പൊതു മനസ്സുകൾക്ക് മുന്നിൽ വെളിവാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്!! കൊറോണ വൈറസിനേക്കാൾ ഭയാനകമാണ് ഇവരുടെ സംഹാരശേഷി. ഒരു സമാധാനം എന്തെന്നാൽ കൊറോണയുടെ അത്ര വ്യാപന ശേഷി ഇവർക്കില്ല എന്നതാണ്!!