മന്ത്രിമാർക്ക് ടൗവൽ വാങ്ങാൻ സർക്കാർ ചിലവാക്കിയത് 75000 രൂപ ; വിമർശനവുമായി കെ സുരേന്ദ്രൻ

കൊറോണ കാലത്ത് ചെറുതും വലുതുമായ സംഭാവനകൾ മനസറിഞ്ഞ് ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുമ്പോൾ സർക്കാർ കാണിക്കുന്നത് ധൂർത്ത്. മന്ത്രിമാർക്ക് കൈ തുടയ്ക്കാൻ 750 രൂപ വിലയുള്ള ടൗവലാണ് വാങ്ങിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ടൗവലിന് 75000 രൂപയാണ് ചിലവായിരിക്കുന്നതെന്നും ഈ ദുരിതകാലത്ത് പഴയത് കഴുകി ഉപയോഗിക്കുന്നതിന് പകരം പുതിയത് വാങ്ങണോ എന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

കുരുന്നുകൾക്ക് വിഷുക്കൈനീട്ടമായി ലഭിച്ച തുകയും കൊല്ലത്തെ സുബൈദ ആടിനെ വിറ്റുകിട്ടിയ കാശും ചർമ്മരോഗ ആശുപത്രിയിലെ അന്തേവാസികൾ ഉച്ചഭക്ഷണത്തിൽ നിന്ന് പിടിച്ച ചില്ലിക്കാശും ദുരിതാശ്വാസനിധിയിലേക്ക് നൽകിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ നാടിനെക്കുറിച്ച് വല്ലാത്തൊരു അഭിമാനബോധമാണ് ഉണ്ടാക്കിയത്.

എന്നാൽ ഈ ഉത്തരവുകാണുമ്പോൾ നമുക്കെന്തായിരിക്കും തോന്നുക എന്ന് പറയേണ്ടതില്ലല്ലോ. മന്ത്രിമാർക്ക് കൈ തുടയ്ക്കാൻ ടവൽ ഒന്നിന് എഴുനൂറ്റി അൻപതു രൂപ നിരക്കിൽ നൂറെണ്ണം എഴുപത്തയ്യായിരം രൂപയ്ക്ക് ഈ ദുരിത കാലത്ത് വാങ്ങണമായിരുന്നോ? തൽക്കാലം ഉള്ളത് കഴുകി ഉപയോഗിക്കുന്നതായിരുന്നില്ലേ ഉചിതം.

എഴുപത്തയ്യായിരം മന്ത്രിമാർക്ക് ചെറുതായിരിക്കാം. എന്നാൽ ഒരു ചില്ലിക്കാശുപോലും വിലപ്പെട്ട കനിയായി കണക്കാക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ടീ നാട്ടിലെന്ന് നമ്മുടെ മന്ത്രിമാർ ഓർക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വെളിവാക്കുന്ന അനേകം നടപടികളിലൊന്നുമാത്രമാണിത്. ധൂർത്തും ഡംഭും രക്തത്തിലലിഞ്ഞുപോയവരുടെ ഇത്തരം നടപടികൾ പൊതുവിൽ രാഷ്ട്രീയപ്രവർത്തകരെക്കുറിച്ചുള്ള മതിപ്പാണ് ഇല്ലാതാക്കുന്നത്.