ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം ഭക്ഷ്യധാന്യകിറ്റ് ചോദിച്ചപ്പോൾ കിട്ടിയത് ഭീക്ഷണിയും തെറിയഭിഷേകവും

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ക്വറന്റിനിൽ കഴിയുന്ന കുടുംബം ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോൾ സിപിഎം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റാണ് തെറിയഭിഷേകം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്തിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണവും പുറത്തായതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാൻ പോയ കുടുംബത്തെ തടയുകയും പിന്നോക്ക വിഭാഗക്കാരനായ തനിക്കെതിരെ പരാതി കൊടുത്താൽ പട്ടികജാതി പീഡന നിയമ പ്രകാരം കേസിൽ കുടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പറയുന്നു.

പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ക്വറന്റിനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യകിറ്റ് ലഭിച്ചിരുന്നില്ല. എന്നാൽ അടുത്തുള്ള വീടുകളിൽ എത്തിച്ചു നൽകിയിരുന്നു. എന്നാൽ തങ്ങൾക്ക് ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റിനെ വിളിച്ചു കാര്യം ചോദിച്ചപ്പോൾ അവിടെ വന്നു തപസ്സിരിക്കാൻ ആരെയും കിട്ടില്ലെന്ന്‌ പറഞ്ഞുകൊണ്ട് തട്ടിക്കയറുകയായിരുന്നുവെന്നും ഗൃഹനാഥൻ പറയുന്നു. എന്നാൽ മോശമായ രീതിയിൽ പെരുമാറിയ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.