എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എ.ബി.വി.പി

തിരുവനന്തപുരം: പരീക്ഷ എഴുതുവാനെത്തുന്ന നെയ്യാറ്റിൻകരയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക് വിതരണം ചെയ്യാനുള്ള തീരുമാനവുമായി എ ബി വി പി. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് എ ബി വി പി മാസ്സിവ് മാസ്ക് മേക്കിങ് എന്ന ക്യാമ്പയിൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നെയ്യാറ്റിൻകരയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി നൂറു കണക്കിന് മാസ്കുകൾ ഇതിനോടകം നിർമ്മിച്ച് കഴിഞ്ഞു.

വീണ്ടും കഴുകി ഉപയോഗിക്കാൻ കഴിയുയുന്ന തരത്തിൽ കോട്ടൺ തുണിയിൽ തീർത്ത മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. മാസ്ക് നിർമ്മാണം വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നു കൊണ്ടു ചെയ്യുകയാണ്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കൂടുതൽ മാസ്കുകൾ നിർമ്മിക്കാനാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ബാക്കി വരുന്ന മാസ്കുകൾ കരുതലായി സൂക്ഷിച്ചു വെക്കാനാണ് തീരുമാനം. സ്കൂൾ തുറക്കുമ്പോൾ ഇത് മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നൽകാൻ ഉപകരിക്കുമെന്നാണ് കരുതുന്നത്.

അഭിപ്രായം രേഖപ്പെടുത്തു