പ്രധാനമന്ത്രി വാചകമടി കാര്യത്തിൽ മുന്നിൽ നിൽക്കാതെ ഇന്ത്യ ചൈന അതിർത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ട് മന്ത്രി എംഎം മണി

തിരുവനന്തപുരം: ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനയ്ക്ക് മറുപടിയുമായി ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ പി എം കെയർ ഫണ്ടിലേക്ക് ചൈനീസ് കമ്പനികളടക്കം പണം നൽകിയിട്ടുണ്ടെന്നുള്ള ആരോപണവുമായി കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ്സും ചൈനയിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നുള്ള ആരോപണം മറുവശത്തും ഉയരുന്നുണ്ട്. ഇപ്പോൾ ഇരുകൂട്ടരെയും രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് വൈദ്യുതി മന്ത്രി എംഎം മണി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം നടത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന് പൂർണരൂപം വായിക്കാം…

രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യ – ചൈന അതിർത്തിത്തർക്ക പ്രശ്നത്തിൽ കോൺഗ്രസും ബി.ജെ.പി. യും ചൈനീസ് കമ്പനികളിൽ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച്പരസ്പരം ചെളിവാരി എറിയുകയാണ്. ഇത് ഇന്ത്യൻ ജനതയെ അപമാനിക്കുന്നതും സൈനികരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ഒരു യുദ്ധത്തിലൂടെ പരിഹാരം കാണാൻ കഴിയില്ല.

ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ രണ്ട് പ്രബല രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കെ ഇരു രാജ്യങ്ങളും തമ്മിൽ സൈനിക- നയതന്ത്ര – രാഷ്ട്രീയ തലങ്ങളിൽ ചർച്ചകൾ നടത്തി സമാധാനപരമായി പരിഹാരം കാണാനേ കഴിയൂ. ഇതിന് വേണ്ടത് നയതന്ത്രജ്ഞതയാണ്. വാചകമടിയുടെ കാര്യത്തിൽ മാത്രം ആദരണീയനായ പ്രധാനമന്ത്രി വളര മുന്നിലാണെന്ന കാര്യം മറക്കുന്നില്ല.

അഭിപ്രായം രേഖപ്പെടുത്തു