കീം പരീക്ഷ: രക്ഷിതാക്കൾക്കെതിരെയല്ല, സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കാതെ വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷയ്ക്ക് ശേഷം തടിച്ചുകൂടിയത് വലിയ രീതിയിലുള്ള വിമർശനത്തിന് വഴിവച്ചിരുന്നു. എന്നാൽ സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പോലീസിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചപ്പോൾ കേരള സർക്കാർ നിർബന്ധബുദ്ധിയോടെ കൂടി പരീക്ഷ നടത്തുകയാണ് ചെയ്തത്.

സർക്കാറിനെതിരെയാണ് ഈ വിഷയത്തിൽ കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോവിഡ് വൈറസ് സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടി കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചിട്ടുണ്ട്. അഹങ്കാരത്തോടെ അതിനെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് കേസിൽ ഒന്നാംപ്രതി. കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ പലർക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖം രക്ഷിക്കുന്നതിനു വേണ്ടി രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയാണ് ചെയ്യുന്നത്.

പരീക്ഷ സംസ്ഥാനത്ത് മാറ്റി വെക്കുന്നതിനു വേണ്ടി കേരളത്തിലെ രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. എൺപതിനായിരം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ നടത്തിക്കൊണ്ട് വിദ്യാർഥികളെ കൊലക്ക് കൊടുക്കുന്നതിനു വേണ്ടിയാണ് സർക്കാർ ശ്രമിച്ചത്. സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ മനപ്പൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹ നടപടികളാണ് ഇതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്തു