കൈതോലപ്പായ വിരിച്ചു ഗാനം പാടാൻ ഇനി ജിതേഷ് കക്കടിപ്പുറമില്ല, നാടൻപാട്ടിന്റെ മുത്ത് യാത്രയായി

മലപ്പുറം: പ്രശസ്ത നാടൻപാട്ട് കലാകാരനായ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കൈതോല പായ വിരിച്ചു എന്ന് തുടങ്ങുന്ന ഏറെ ശ്രദ്ധനേടിയ നാടൻപാട്ടിന്റെ സൃഷ്ടാവ് കൂടിയായിരുന്നു ജിതേഷ് കക്കിടിപ്പുറം. ഏതാണ്ട് 26 വർഷത്തിനുശേഷമാണ് പാട്ടിന്റെ രചയിതാവ് ജിതേഷ് കക്കിടിപ്പുറമാണെന്ന് പുറംലോകമറിഞ്ഞത്. കേരളക്കരയെ ഒന്നടങ്കം ആവേശത്തിലാക്കിയ നാടൻ പാട്ട് കൂടിയാണ് കൈതോല പായ വിരിച്ചു എന്നുള്ളത്. നാടൻപാട്ട് വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും മറ്റും ഈ പാട്ട് ഏറെയിടം പിടിച്ചിരുന്നു. ഈ പാട്ടിന്റെ രചയിതാവ് ജിതേഷ് ആണെന്ന് അറിഞ്ഞതിനെ തുടർന്ന് നിരവധി വേദികളിൽ അദ്ദേഹത്തിന് ആദരം ലഭിക്കുകയും ചെയ്തിരുന്നു.

1992 ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോൾ സങ്കടം അകറ്റുന്നതിന് വേണ്ടിയാണ് ഈ ഗാനം എഴുതിയതെന്നാണ് ജിതേഷ് പറയുന്നത്. ഏകദേശം 600 ലധികം പാട്ടുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. കൂടാതെ കഥ പറയുന്ന താളിയോലകൾ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു