പ്രളയ സാധ്യത മുന്നിൽ കണ്ടു മത്സ്യതൊഴിലാളി സംഘം ബോട്ടുമായി പത്തനംതിട്ടയിൽ

പത്തനംതിട്ട: ജില്ലയിൽ പ്രളയ സാധ്യത മുന്നിൽകണ്ടുകൊണ്ട് രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളി സംഘമെത്തി. രണ്ടുദിവസമായി ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് പ്രളയം മുന്നിൽ കണ്ടുകൊണ്ടാണ് കൊല്ലത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികൾ ജില്ലയിൽ എത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂബിന്റെ അഭ്യർത്ഥന പ്രകാരം കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വള്ളങ്ങളുയുമായി ഇരുപതോളം മത്സ്യത്തൊഴിലാളികൾ ജില്ലയിലേക്ക് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്.

രക്ഷാ പ്രവർത്തനത്തിനായുള്ള വള്ളങ്ങൾ ലോറിയിലാണ് എത്തിച്ചത്. 2018 ലും 19 ലും ജില്ലയിൽ പ്രളയമുണ്ടായപ്പോൾ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി മുന്നിലുണ്ടായിരുന്നു. സേലത്തു നിന്നും മൂന്ന് ബോട്ടുകളുമായി ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ഓഫീസറും 22 അംഗങ്ങളും ഇന്ന് പുലർച്ചയോടെ റാന്നിയിൽ എത്തിയിരുന്നു. ജില്ലയിൽ നിലവിൽ റാന്നി, അങ്ങാടി, കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശ്ശേരി, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ വെള്ളപ്പൊക്ക ബാധിത വില്ലേജുകളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു