പൊതിച്ചോറിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നൂറ് രൂപ നോട്ട് ; കോടി മൂല്യമുള്ള 100 രൂപ നോട്ട് പോലീസിന്റെ കുറിപ്പ്

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടിലായ ചെല്ലാനത്തുക്കാർക്ക് കടലും കലിതുള്ളിയതോടെ മുഴുപട്ടിണിയുടെ വക്കിലേക്കാണ് എത്തിച്ചേർന്നത്. കോവിഡ് പ്രതിസന്ധിയും അതിശക്തമായ മഴയും കാരണം ജോലിക്കു പോകാൻ കഴിയാതെ വഴിമുട്ടി നിൽക്കുമ്പോഴാണ് പ്രദേശവാസികൾക്കിടയിലേക്ക് എത്തിയ പൊതിച്ചോറ് ചർച്ചാവിഷയമായി മാറുന്നത്. എല്ലാ പ്രദേശവാസികൾക്കും എത്തിച്ച പൊതിച്ചോറിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു 100 രൂപ നോട്ടു വച്ചിരുന്നു. നൽകിയ സഹായം ഇരുചെവിയുമറിയരുതെന്ന് കരുതി സ്വകാര്യമായി ആരോ വെച്ചതാകണം ഈ തുക.

കുമ്പളങ്ങിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും കണ്ണമാലി ഇൻസ്പെക്ടർ പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. പൊതിയോടൊപ്പം എന്തൊക്കെ കറികളുണ്ടെന്ന് നോക്കുന്നതിനായി പോലീസുകാരനായ അനിൽ ആന്റണി പൊതി തുറന്നപ്പോൾ കണ്ട കാഴ്ച പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 100 രൂപയുടെ നോട്ടാണ്. സംഭവത്തെ തുടർന്ന് ഇൻസ്പെക്ടർ ഷിജു കോടി മൂല്യമുള്ള 100 രൂപ നോട്ട് എന്ന് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് ഈ നന്മ പുറത്തറിയുന്നത്. ഒരു പഴം നൽകിയാൽ പോലും സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്ന കാലത്ത് വാങ്ങുന്നവരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസ്സിന് മുൻപിൽ നമിക്കുന്നുവെന്നായിരുന്നു എസ് ഐ ഫേസ്ബുക്കിൽ കുറിച്ചത്. നന്മ നിറഞ്ഞ പ്രവർത്തിയെ പോലീസുകാരൊന്നടങ്കം മനസ്സുകൊണ്ട് ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു