രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ടവരിൽ 52 പേരുടെ മൃതശരീരം ഇതുവരെ കണ്ടെടുത്തു

ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ടവരിൽ 52 പേരുടെ മൃതശരീരം ഇതുവരെ കണ്ടെടുത്തു. ഇനിയും 19 പേരുടെ മൃതശരീരം കൂടി കണ്ടെടുക്കാനുണ്ട്. മുഴുവൻ പേരുടെയും മൃതശരീരങ്ങൾ കണ്ടെടുക്കുന്നതിനുവേണ്ടിയുള്ള കഠിന ശ്രമത്തിലാണ് ദേശീയ ദുരന്തനിവാരണ സേനയും, അഗ്നി ശമനസേനയും. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തന ദൗത്യം വീണ്ടും ദുഷ്കരമാകും. വരുന്ന രണ്ട് ദിവസത്തിനകം മൃതദേഹങ്ങൾ മുഴുവനും കണ്ടെടുക്കാനായില്ലങ്കിൽ അഴുകാൻ സാധ്യതയുണ്ട്. ആയതിനാൽ എത്രയും വേഗംതന്നെ മുഴുവൻ പേരുടെയും ചേതനയറ്റ ശരീരങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് ദേശീയ ദുരന്തനിവാരണ സേന.

പ്രതികൂല കാലാവസ്ഥയേയും ശക്തമായ മഴയെയും വകവയ്ക്കാതെ ദുരന്തബാധിത പ്രദേശത്ത് നിന്നും ഉറ്റവരുടെ മൃതശരീരമെങ്കിലും ഒരുനോക്ക് കാണാനായി കാത്തിരിക്കുന്നവരുണ്ട്. ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവർത്തന സംഘത്തിന് ഊർജ്ജം പകർന്നു നൽകിക്കൊണ്ട് പ്രവർത്തനത്തെ ഏകോപിപ്പിക്കുകയാണ് ദേശീയ ദുരന്തനിവാരണ സേനയുടെ തമിഴ്നാട് ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയനിലെ കമാൻഡർ രേഖ നമ്പ്യാർ. രക്ഷാസേനയുടെ ചീഫ് കമാൻഡർ ആകുന്ന ആദ്യ വനിത കൂടിയാണ് മലയാളിയായ രേഖ. 2015 ലാണ് ദേശീയ ദുരന്തനിവാരണ സേനയുടെ ചീഫ് കമാൻഡർ സ്ഥാനം ഏറ്റെടുക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു