വന്ദേ ഭാരത് ദൗത്യത്തിലൂടെ 10 കോടി രൂപയുടെ വിദേശ കറൻസികൾ സ്വപ്ന ദുബായിലേക്ക് കടത്തി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് 10 കോടിയുടെ വിദേശ കറൻസി ദുബായിലേക്ക് കടത്തിയെന്ന് മൊഴി. പോലീസും എൻ ഐ എയും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പോയ വന്ദേഭാരത് വിമാനങ്ങളിൽ അഞ്ച് വിദേശികൾ സ്വപ്നയുടെ ശുപാർശ പ്രകാരം പോയതായും അവർ വഴിയാണ് കറൻസികൾ കടത്തിയതെന്നാണ് മൊഴി നൽകിയത്. അവരുടെ ബാഗുകൾ പരിശോധിച്ചശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. വിദേശികൾക്ക് പോകുന്നതിനുള്ള ടിക്കറ്റ് എടുത്തു നൽകിയതും യുഎഇ കോൺസുലേറ്റിൽ നിന്നാണെന്ന് സ്വപ്ന സുരേഷ് മൊഴിനൽകി. ഇക്കാര്യം സംബന്ധിച്ച് വിശദമായ രീതിയിലുള്ള പരിശോധനകളും ചോദ്യചെയ്യലും ഉണ്ടായശേഷമേ വ്യക്തത വരുത്താനാകൂ.

തിരുവനന്തപുരം, കൊച്ചി ഹൈദരാബാദ്, ചെന്നൈ, വിമാനത്താവളങ്ങൾ വഴി വന്ദേഭാരത് മിഷൻ വഴി ദുബായിലേക്ക് അയക്കാൻ സ്വപ്ന സുരേഷ് ശ്രമിച്ചതിന്റെ രേഖകളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. വിദേശ കറൻസികൾ ധാരാളമായി എത്തിച്ചിരിച്ചിരുന്നുവെന്നുള്ള വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയുടെ ബാങ്ക് ലോക്കറുകൾ പരിശോധിച്ചപ്പോൾ 8034 യുഎസ് ഡോളറും 711 ഒമാൻ റിയാലും മാത്രമേ കണ്ടെത്താനായുള്ളു. എന്നാൽ വിദേശ കറൻസികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി എൻഫോഴ്സ്മെന്റും എൻ ഐ എയും സ്വപ്നയെ ചോദ്യം ചെയ്തിരുന്നെങ്കിലും സ്ഥലം കണ്ടെത്താനായില്ല. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കൂടാതെ മറ്റു പലരും പങ്കാളികൾ ആയിരിക്കുമെന്നാണ് അന്വേഷണ സംഘവും കരുതുന്നത്.

അഭിപ്രായം രേഖപ്പെടുത്തു