വ്യാജ വാർത്ത പ്രചരിപ്പിച്ച ശ്രീകണ്ഠൻ നായരെ അറസ്റ്റ് ചെയ്തു

ത്രിശൂർ: വാർത്താ ചാനലിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനൽ എംഡി ശ്രീകണ്ഠൻ നായർ, ഡോക്ടർ ഷിനു ശ്യാമളൻ എന്നിവരെ അറസ്റ്റ് ചെയ്തു. തളിക്കുളത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പ്രവാസിയ്ക്ക് കൊറോണ ബാധിച്ചുവെന്നുള്ള വാർത്ത ചാനലിലൂടെ സംപ്രേഷണം നടത്തിയ സംഭവത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ നടപടികൾ പൂർത്തിയാക്കിയ ശേഷം വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് ഇരുവരും വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരായത്. കേരള പോലീസ് ആക്ട് സെക്ഷൻ 120 (0) ഐപിസി സെക്ഷൻ 505(1) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എവിടുന്നെങ്കിലും കിട്ടുന്നതു കേട്ടുകൊണ്ട് ഗോസിപ്പുകൾ പ്രചരിപ്പിക്കുകയെന്നതല്ല മാധ്യമപ്രവർത്തകരുടെ പണിയെന്ന് ഹൈക്കോടതി ശ്രീകണ്ഠൻ നായർക്ക് നേരത്തെയും താക്കീത് നൽകിയിരുന്നു.

ഏത് മാധ്യമത്തിലൂടെയാണെങ്കിലും ഒരുവട്ടം കൊടുത്ത വാർത്ത പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ തേടി ശ്രീകണ്ഠൻ നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. വ്യാജ വാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു ചാനലിന്റെ എം.ഡിയെ അറസ്റ്റ് ചെയ്യുന്നത്.

അഭിപ്രായം രേഖപ്പെടുത്തു