സഭാതർക്കം രൂക്ഷം; മുളന്തുരുത്തി മാർത്തോമൻ പള്ളി സർക്കാർ ഏറ്റെടുത്തു; ബിഷപ്പുമാരടക്കം നിരവധി പേർ അറസ്റ്റിൽ

കൊച്ചി: സഭാതർക്കം രൂക്ഷമായ രീതിയിൽ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുളന്തുരുത്തി മാർത്തോമൻ പള്ളി സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികൾ പൂർത്തീകരിച്ചത്. നടപടിയ്ക്കെതിരെ പ്രതിഷേധവുമായി പള്ളിയിൽ ഒത്തുകൂടിയ അറുന്നൂറോളം യാക്കോബായ വിഭാഗത്തിൽപ്പെട്ട വിശ്വാസികളെയും മൂന്ന് ബിഷപ്പുമാരെയും പുരോഹിതരെയും അറസ്റ്റ് ചെയ്തു.

പള്ളിയുടെ ഗേറ്റടച്ച് വിശ്വാസികളും പുരോഹിതരും പ്രതിഷേധം നടത്തുകയായിരുന്നു. എന്നാൽ പൊലീസ് ഗേറ്റ് പൊളിച്ചാണ് നടപടി കൈക്കൊണ്ടത്. പള്ളി ഏറ്റെടുക്കുന്നതിനായി ഹൈക്കോടതിയിൽ നൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്. ഏറ്റെടുത്ത വിവരം ജില്ലാകളക്ടർ കോടതിയെ അറിയിക്കും.

അഭിപ്രായം രേഖപ്പെടുത്തു