രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എത്തണമെങ്കിൽ നിങ്ങൾ സാമൂഹിക അകലം പാലിക്കണമെന്ന് പൊലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ഓണാഘോഷം വന്നെത്തിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾക്ക് സന്ദേശവുമായി പോലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലി താരമാവുകയാണ്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എത്തണമെങ്കിൽ നിങ്ങൾ സാമൂഹിക അകലം പാലിക്കണം. ഈ സന്ദേശമായിരുന്നു പോലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലി മുന്നോട്ട് വെച്ചത്. അഞ്ചു പൊലീസുകാർക്കൊപ്പം നഗരത്തിലെത്തിയ മാവേലി ഇക്കാലത്ത് എങ്ങനെ ഓണാഘോഷം നടത്തണമെന്ന സന്ദേശവും ജനങ്ങൾക്ക് നൽകി. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അധികഭാരം സൃഷ്ടിക്കുന്ന രീതിയിലാണ് ബോധവൽക്കരണ പരിപാടി എന്നുള്ള വിമർശനം പോലീസ് ഉദ്യോഗസ്ഥർ ഉയർത്തിയിരുന്നു.

പലസ്ഥലങ്ങളിലും പോലീസുകാർ തന്നെ മാവേലി വേഷം കെട്ടേണ്ടി വന്നതോടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ രംഗത്ത് എത്തുകയുണ്ടായി. പോലീസുകാർ മാവേലി വേഷം കെട്ടേണ്ട ആവശ്യമില്ലെന്നും വേഷം കെട്ടുന്നതിനായി ആളെ കിട്ടിയില്ലെങ്കിൽ പരിപാടി നിർബന്ധമില്ലെന്നും പ്രതികരിച്ചു. പാളയം മാർക്കറ്റിൽ കണ്ടോൺമെന്റ് പോലീസുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, ഡിസിപി ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു