മര്യാദ വേണമെന്ന് മുഖ്യമന്ത്രി; ഭീഷണി കയ്യിൽ വച്ചാൽ മതിയെന്ന് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമ സഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ. ഷാഫി പറമ്പിൽ എം എൽ എയുടെ പ്രസംഗത്തിനിടയിൽ തനിക്ക് നേരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചുവെന്നുള്ള ആരോപണവുമായി കെ ബി ഗണേഷ്കുമാർ എം എൽ എ രംഗത്ത് വന്നിരുന്നു. തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ നേർക്കുനേർ വാക്കുതർക്കമുണ്ടായി. കെ ബി ഗണേഷ് കുമാർ എന്ന മാന്യ അദ്ദേഹത്തിന് നേരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഒരാൾ പാഞ്ഞടുത്തുവെന്നും പറഞ്ഞു എഴുന്നേറ്റ മുഖ്യമന്ത്രി അംഗം മാന്യമായി പെരുമാറണം എന്ന് പറയുകയായിരുന്നു. തുടർന്ന് പ്രതിപക്ഷനേതാവും രംഗത്തെത്തുകയായിരുന്നു.

ഗണേഷ്കുമാറിന്റെ പ്രസംഗത്തിന് ആരും തടസ്സം നിന്നിട്ടില്ലെന്നും അദ്ദേഹമാണ് സീറ്റിലിരുന്ന് മോശമായ രീതിയിലുള്ള പെരുമാറ്റം നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ വീണ്ടും മുഖ്യമന്ത്രി കസേരയിൽ നിന്നും എഴുന്നേൽക്കുകയും നേരത്തെ പറഞ്ഞതുപോലെ ആവർത്തിച്ചു പറയുമായിരുന്നു. ഇതോടെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തണ്ടെന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തുകയായിരുന്നു. ഭീഷണിപ്പെടുത്തിയത് അല്ലെന്നും പ്രതിപക്ഷ നേതാവിന് അങ്ങനെ തോന്നിയതാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. രംഗം രൂക്ഷമാകുമെന്ന് കണ്ടതിനെ തുടർന്ന് സ്പീക്കർ ഇടപെടുകയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പും നൽകുകയുമായിരുന്നു. എന്നാൽ ഈ വിഷയത്തിടയിൽ മന്ത്രി ഇ പി ജയരാജനും പ്രതിപക്ഷനേതാവും തമ്മിൽ വീണ്ടും വാദമുണ്ടാവുകയും ചെയ്തു

അഭിപ്രായം രേഖപ്പെടുത്തു