സെക്രട്ടറിയേറ്റിൽ ബിജെപി നേതാക്കൾ ആയുധങ്ങളുമായി അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയെയും യുഡിഎഫിനെയും രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് മന്ത്രി ഇ പി ജയരാജൻ. സെക്രട്ടറിയേറ്റിൽ ബിജെപിയും യുഡിഎഫും കലാപത്തിന് ആസൂത്രണം ചെയ്തതെന്നും ഇരു വിഭാഗങ്ങളും പരസ്പരം ആലോചിച്ച് ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ആയുധങ്ങളുമായി ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാക്കുകയും ശേഷം ആളുകളെ ഇറക്കി വിട്ടു നിവേദനം കൊടുക്കുന്നതിനായി ഗവർണറെ കണ്ടു. ഇതെല്ലാം പരസ്പരം ആലോചിച്ച് ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. യുഡിഎഫ് ഭരണകാലത്ത് സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്നും മുന്നൂറിലധികം ഫയലുകൾ പൂജപ്പുര ജയിൽ വളപ്പിൽ വെച്ച് കത്തിച്ച സംഭവത്തിൽ അന്വേഷണം വരെ നടന്നിട്ടുണ്ടെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

കോവിഡ് കാലത്ത് സെക്രട്ടറിയേറ്റ് പരിസരത്ത് നിയന്ത്രണമില്ലാത്ത തരത്തിലുള്ള ആൾക്കൂട്ടത്തെയാണ് കണ്ടത്. ഇക്കൂട്ടർ പോലീസുകാർക്ക് നേരെയും ആക്രമിക്കുന്ന സ്ഥിതികൾ ഉണ്ടായി. ഇത്തരം ആക്രമണങ്ങളിൽ നിന്നും പ്രതിപക്ഷം പിന്തിരിയണം. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം മനസ്സിലാക്കി പെരുമാറണമെന്നും പ്രവർത്തിക്കണമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കോവിഡ് കാലത്ത് യുവാക്കളെ സമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ആപത്തിലേക്ക് വഴിവെയ്ക്കും. ഇക്കാര്യത്തിൽ അവരുടെ രക്ഷിതാക്കൾ മറുപടി പറയേണ്ടിവരുമെന്നും ഇ പി ജയരാജൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. ജനാധിപത്യപരമായ രീതിയിലുള്ള സമരത്തിന് തയ്യാറാകണമെന്ന് അല്ലാത്തപക്ഷം അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു