റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ച് കെടി ജലീലിനെ കരിങ്കൊടി കാണിച്ച്‌ യുവമോർച്ച

മലപ്പുറം: മന്ത്രി കെടി ജലീൽ റോഡ് മാർഗം വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. യാത്രാമധ്യേ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലെ വീട്ടിൽ നിന്നും ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടയിൽ പ്രതിഷേധമുയരുമെന്നുള്ള സാഹചര്യം കണക്കിലെടുത്തു കൊണ്ട് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ചങ്ങരംകുളത്ത് വെച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. കൂടാതെ പെരുമ്പിലാവിൽ വെച്ച് യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാട്ടി.

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലിയേക്കരയിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധങ്ങൾ ഉയരുകയും വാഹനത്തിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീഴുകയും ചെയ്തു. ഒന്ന് രണ്ട് പേർക്ക് പരിക്കേൽക്കുകയും യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിനെ കൈയ്യൊടിയുകയും ചെയ്തു. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിയ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് ഇക്കാര്യം മാധ്യമങ്ങൾ അറിയുന്നത്. ചോദ്യം ചെയ്യലിനു ശേഷം പലതവണ മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് മന്ത്രി തയ്യാറായിരുന്നില്ല.

അഭിപ്രായം രേഖപ്പെടുത്തു