സംസ്ഥാനത്തെ കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജനങ്ങളുടെ സഹകരത്തിൽ ഉണ്ടായ ചെറിയൊരു വീഴ്ച സ്ഥിതി കൂടുതൽ വഷളാവുന്നതിനു കാരണമായി. സമരങ്ങൾ ഒരു പരിധിവരെ ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് എന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചില്ലെങ്കിൽ വീണ്ടുമൊരു ലോക്കഡോണിനെ പറ്റി ചിന്തിക്കേണ്ട അവസ്ഥ വരും. കോവിഡ്‌ വ്യാപനത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ശനിയാഴ്‌ചവരെ രോഗബാധിതരായ 1,67,939 പേരില്‍ ഭൂരിപക്ഷവും 20 – 40 വയസുകാരാണ്‌. ആരോഗ്യമുള്ളതിനാല്‍ ചെറുപ്പക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നിരിക്കും. പക്ഷേ, വീട്ടില്‍നിന്നു പുറത്തുപോയിട്ടില്ലാത്ത, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള വയോധികരിലേക്ക്‌ ഇവരിലൂടെ രോഗം പകരും. അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വൈറസ്‌ ബാധിച്ചാലും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്ന തോന്നലും വേണ്ട. ഇതുവരെ മരിച്ചതില്‍ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണ്‌. രോഗം വ്യാപകമാകുന്ന ഘട്ടത്തില്‍ മരണം ക്രമാതീതമായി ഉയരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ലോക്ക്‌ഡൗണല്ലാതെ പോംവഴിയുണ്ടാകില്ല. പല വിദേശ രാജ്യങ്ങളും ഇപ്പോള്‍ ആ അവസ്‌ഥയിലാണ്‌.

ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ ലോക്ക്‌ഡൗണ്‍ പൂര്‍ണ പരിഹാരമാകുകയുമില്ല. എങ്കിലും അത്‌ ഒഴിവാക്കാന്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം വേണം. മരണനിരക്ക്‌ കുറയ്‌ക്കാനായത്‌ ഏറെ ആശ്വാസകരമാണ്‌. അതു നിലനിര്‍ത്തണം. അകാലത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പരസ്‌പരം സഹകരിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു

അഭിപ്രായം രേഖപ്പെടുത്തു