5 ലക്ഷം ലോട്ടറി അടിച്ചെങ്കിലും അറിഞ്ഞില്ല ടിക്കറ്റ് കീറി കളഞ്ഞു ; ഭാഗ്യദേവത കടാക്ഷിച്ചിട്ടും നിർഭാഗ്യവാനായി മൻസൂർ

കേരള വിൻ വിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം നേടിയിട്ടും തുക കൈപ്പറ്റാനാകാത്ത സങ്കടത്തിലാണ് കാസർഗോഡ് നെല്ലിക്കട്ടയിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള വിൻ വിൻ ലോട്ടറിയുടെ മൻസൂർ എടുത്ത ഡബ്ല്യുഎല്‍ 583055 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5ലക്ഷം രൂപ അടിച്ചത്. രാവിലെ ഓട്ടോസ്റ്റാൻഡിൽ എത്തിയ മൻസൂർ ലോട്ടറി ഫലം നോക്കി ഏറ്റവും അവസാന സമ്മാനം മുതൽ മുകളിലോട്ട് നോക്കിയെങ്കിലും ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നോക്കിയില്ല. ഒടുവിൽ സമ്മാനം ഇല്ലെന്നു കരുതി കയ്യിലുണ്ടായിരുന്ന ടിക്കറ്റ് കീറിക്കളയുകയും ചെയ്തു.

അൽപ്പ സമയം കഴിഞ്ഞ് മുളിയാര്‍ മജക്കാറിലെ രാമകൃഷ്ണന്‍ എന്ന ഏജന്റ് വന്നാണ് സമ്മാനം അടിച്ചതായി പറഞ്ഞത്. ഇതറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്മാരെല്ലാം ടിക്കറ്റിനായി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ കഷ്ണങ്ങളായി കിട്ടിയ ടിക്കറ്റുമെടുത്തു ലോട്ടറി ഓഫീസിൽ ചെന്നപ്പോൾ എം എൽ എ യുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് നിവേദനം നൽകാനാണ് അറിയിച്ചത്. ലോട്ടറി ടിക്കറ്റ് കഷ്ണങ്ങൾ ആയിപോയതിനാൽ നമ്പർ നോക്കി സമ്മാനം കൊടുക്കാൻ സാധിക്കില്ല. ടിക്കറ്റിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ കഴിഞ്ഞാൽ സമ്മാനം ലഭിക്കും. ഇല്ലെങ്കിൽ ലോട്ടറി ഡയറക്ടറുടെ തീരുമാനം അനുസരിച്ചായിരിക്കും സാമ്മാനം ലഭിക്കുക.

അഭിപ്രായം രേഖപ്പെടുത്തു