അമ്മയെ കത്തികൊണ്ട് ആക്രമിക്കുന്നത് തടയാനെത്തിയ പെൺകുട്ടി കുത്തേറ്റു മരിച്ചു

അയൽവാസിയുമായുള്ള വാക്കുതർക്കത്തിനിടെ അമ്മയെ കത്തികൊണ്ട് ആക്രമിക്കുന്നത് തടയാനെത്തിയ പെൺകുട്ടി കുത്തേറ്റു മരിച്ചു. കൊല്ലം ആശ്രാമം ഉളിയക്കോവില്‍ സ്‌നേഹനഗര്‍ ദാമോദര മന്ദിരത്തില്‍ മോസസ്‌ ദാമോദരന്റെ മകള്‍ അഭിരാമിയാണ് അയൽവാസി ഉമേഷ്‌ ബാബുവിന്റെ കുത്തേറ്റ് മരിച്ചത്. ഇരു വീട്ടുകാരും തമ്മിൽ നേരത്തെ മാലിന്യം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം നിലനില്ക്കുന്നുണ്ട്. ലീനയുടെ വീട്ടുമുറ്റത്തേക്ക് ഉമേഷ്‌ ബാബുവിന്റെ വീട്ടിൽ നിന്നും മലിനജലം ഒഴുക്കുന്നു എന്ന പരാതിയിൽ പോലീസ് കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി ലീന ഗൾഫിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചു നിൽക്കുന്നത് ഉമേഷ്‌ ബാബു തന്റെ ഫോണിൽ പകർത്തിയിരുന്നു. ഇത് ലീന ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്.

പ്രകോപിതനായ ഉമേഷ്‌ ബാബു വീടിനകത്തുനിന്നും കറികത്തി കൊണ്ടുവന്ന ലീനയെ നെഞ്ചിലും കഴുത്തിലുമായി പരിക്കേൽപിച്ചു. ഇതു തടയാനായി ചെന്ന അഭിരാമിയുടെ വയറിനേറ്റ കുത്തിൽ തൽക്ഷണം മരണം സംഭവിച്ചു. ലീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിവലിക്കിടെ തറയിൽവീണ കത്തി കാലിൽ തുളച്ചു കയറി ഉമേഷ്ബാബുവിനും പരിക്കേറ്റു. ഉമേഷ്‌ ബാബുവിനെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ പഠനം കഴിഞ്ഞ് ജോലി അന്വേഷണത്തിലായിരുന്നു മരിച്ച അഭിരാമി. ബംഗളുരുവിൽ ജോലി നോക്കുന്ന ക്ലിന്റ് മോസസ് സഹോദരൻ ആണ്.

അഭിപ്രായം രേഖപ്പെടുത്തു