പിതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപയും എട്ടേകാൽ പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ മകളും സുഹൃത്തും പോലീസ് പിടിയിൽ

പിതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപയും എട്ടേകാൽ പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ മകളും സുഹൃത്തും പോലീസ് പിടിയിൽ. ബാക്കിയുള്ള മൂന്നുപേർക്കായി അന്വേഷണം ഊർജിതമാക്കി. വള്ളിക്കുന്നം എം ആർ മുക്ക് ഗ്രീഷ്മത്തിൽ മധുസൂദനൻ നായരെയാണ് മകൾ മേഘയും കൂട്ടുകാരും ചേർന്ന് തോക്ക് ചൂണ്ടി ആക്രമിച്ചു പണവും സ്വർണവും കവർന്നത്. മേഘയും മേഘയുടെ കൂട്ടുകാരി ആരാമഠം ഗൗരിശങ്കരത്തിൽ ഗോപിക എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടെയുള്ള കാർ ഡ്രൈവർ അടക്കം മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട് ഇവർ ഒളിവിലാണ്. കവർന്ന പണവും സ്വർണവും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും ഒളിവിൽ കഴിയുന്നവരുടെ പക്കലാണെന്നു പോലീസ് പറഞ്ഞു. മധുസൂദനൻ നായരുടെ രണ്ടാം ഭാര്യയിൽ ഉള്ള മകളാണ് മേഘ. ആദ്യ ഭാര്യ മരിച്ചതിനു ശേഷം മറ്റൊരാളെ വിവാഹം ചെയ്തു എന്നാൽ രണ്ടാം ഭാര്യ കുടുംബ വഴക്കിനെത്തുടർന്ന് ഇയാളുമായി വേർപെട്ടു തിരുവനന്തപുരത്ത് കുട്ടികളുമായി താമസിക്കുകയാണ്.

ആദ്യ ഭാര്യയിൽ മധുസൂദനൻ നായർക്ക് കുട്ടികളില്ല. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് മധുസൂദനൻനായർ തന്റെ പേരിലുള്ള സ്ഥലം വിറ്റിരുന്നു. ഇതിന്റെ പൈസ ഇയാളുടെ കയ്യിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഘയും കൂട്ടരും ചേർന്ന് മധുസൂദനൻ നായരെ ആക്രമിച്ചു പണം തട്ടാൻ പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 30നു രാത്രി മേഘയും ഗോപികയും കൂടി മധുസൂദനനെ കാണാൻ എത്തിയിരുന്നു. പിറ്റേന്ന് രാവിലെ ബാക്കി മൂന്നുപേരും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചു സ്ഥലം വിട്ടു. ഇവർ പോയതിനു തൊട്ടുപിന്നാലെ മധുസൂദനൻ പോലീസിൽ പരാതിപ്പെടുകയും തുടർന്നുള്ള അന്വേഷണത്തിൽ മീഖായേയും ഗോപികയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിനായി റിമാൻഡ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു