ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചാൽ കൊറോണയെ തടയാം ; പരസ്യത്തിൽ അഭിനയിച്ച എംജി ശ്രീകുമാറിനും ഭാര്യക്കും എതിരെ കാപ്സ്യൂൾ കേരള

ഗായകൻ എം ജി ശ്രീകുമാറിനും ഭാര്യ ലേഖയ്ക്കുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള കാപ്സ്യൂൾ കേരള രംഗത്ത്. എം ജി ശ്രീകുമാറും ലേഖയും അഭിനയിക്കുന്ന പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന്റെ പരസ്യത്തിനെതിരെയാണ് കാപ്സ്യൂൾ കേരള വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ പരസ്യം ചെയ്തത് വഴി ശ്രീകുമാറും ഭാര്യയും ആളുകൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചാൽ കൊറോണയെ തടയാം എന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. എം ജി ശ്രീകുമാറും ഭാര്യയും ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചതിനു ശേഷം ഉന്മേഷം വർധിച്ചു എന്നും രക്ത പരിശോധനയിൽ എല്ലാം നോർമൽ ആയി എന്നും കൂടാതെ കോവിഡ് പോസിറ്റീവ് ആയില്ല, തങ്ങളുടെ ഡോക്ടർമാർ വരെ അത്ഭുതപ്പെട്ടു പോയി എന്നും പരസ്യത്തിൽ പറയുന്നുണ്ട്. ഇവർ ഇരുവരും നടത്തിയ രക്തപരിശോധന ഏതാണെന്നും ആരൊക്കെയാണ് ആ ഡോക്ടർസ് എന്നും വ്യക്തമാക്കണമെന്നാണ് കാപ്സ്യൂൾ കേരള ആവശ്യപ്പെട്ടത്. ഒരു ഫുഡ്‌ സപ്ലിമെന്റും ഇതുവരെ കഴിച്ചിട്ട് ഒരു രോഗവും ബേധമായിട്ടില്ല. ഇങ്ങനെയുള്ള വ്യാജ പ്രചരണം നടത്തുന്നത് ഫുഡ് ആന്‍ഡ് സേഫ്റ്റി റെഗുലഷന്‍സ് ആക്‌ട് 2011 അനുസരിച്ചും ഡി.എം.ആര്‍ ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണെന്ന് ക്യാപ്‌സൂള്‍ കേരള വ്യക്തമാക്കി. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കാപ്സ്യൂൾ കേരള വിമർശനം ഉന്നയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :

പിന്നെയും, പിന്നെയും
കർമ്മ ന്യൂസ് പ്രോഗ്രാമിൽ ശ്രീ എം ജി ശ്രീകുമാർ, അദ്ദേഹത്തിൻറെ ഭാര്യ എന്നിവർ ഇമ്മ്യൂണിറ്റി ബൂസ്റ്റർ അവതരിപ്പിച്ചത് നവമ്പർ 24 നു ആയിരുന്നു. മെച്ചപ്പെട്ട ആരോഗ്യമുണ്ടായെന്നും രക്തപരിശോധനയിൽ അതെല്ലാം പ്രതിഫലിച്ചെന്നും നമ്മോടു പറയുകയും ചെയ്തു. അത് പരസ്യമല്ലെന്നും നിങ്ങൾ കഴിച്ചു പ്രശ്നമുണ്ടായാൽ അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നുംനമ്മൂക്ക് പറഞ്ഞു മനസ്സിലാക്കിത്തന്നു.
ശ്രീമതി ലേഖ എം ജി ശ്രീകുമാർ നവംബർ 26 ന് തൻറെ vlog ഇൽ പ്രത്യക്ഷപ്പെട്ട് സമാനമായ കാര്യങ്ങൾ ഇമ്മ്യൂണിറ്റി ബൂസ്റ്റർ അട്ടയെപ്പറ്റിയും പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ രണ്ടു പ്രോഡക്റ്റ് ഉപയോഗിച്ച് മാഡം തയ്യാറാക്കിയ ചപ്പാത്തിയും ദോശയും നമ്മെ കാണിക്കുകയും ചെയ്തു. ഇവയുടെ പ്രത്യേകതയും ഇമ്മ്യൂണിറ്റി വർധിപ്പിക്കുക എന്നതാണ്. വളരെ നല്ല പ്രോഡക്റ്റാണ് എന്ന് പറഞ്ഞ ശേഷം ഇതും advertisement അല്ല എന്നും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇതേ കമ്പനി അടുത്തവാരം മാർക്കറ്റിൽ എത്തിക്കാൻ പദ്ധതിയിടുന്ന മറ്റ് ആറുതരം ധാന്യങ്ങളും പരിചയപ്പെടുത്തുന്നു; ഇമ്മ്യൂണിറ്റിയും ആരോഗ്യവും വർധിക്കാൻ തന്നെ.
നമുക്ക് ഒരു സംശയം ബാക്കി നിൽക്കുന്നു. രക്തം പരിശോധിച്ചപ്പോൾ ഇമ്മ്യൂണിറ്റി വർധിച്ചു എന്ന് പറഞ്ഞത് ഏതു കരണത്താലായിരിക്കും?
A. പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റർ
B. ഇമ്യൂണിറ്റി ബൂസ്റ്റർ ആട്ട
C. രണ്ടും ചേർന്ന്
D. ഏതോ ഒന്ന് (അറിയില്ല)
E. രണ്ടും അല്ല
F. അതിനു രക്തം പരിശോധിച്ച റിപ്പോർട്ട് എവിടെ?
ചെറിയ കാര്യമെങ്കിലും confusion ഉണ്ടാകും. കോവിഡ് 19 നമ്മോടൊപ്പം ഉണ്ട്. നാം ശ്രദ്ധാലുക്കൽ ആകുക. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക.
മറ്റൊന്ന്! വ്യാജപ്രഭാഷണങ്ങളും പരസ്യവും തിരിച്ചറിയുക…
(ഈ പോസ്റ്റിന് ആധാരമായ വീഡിയോയുടെ ലിങ്കും, ക്യാപ്സ്യൂൾ കേരളയുടെ മുൻ പോസ്റ്റും കമെന്റ്‌ ബോക്സിൽ നൽകുന്നു)

അഭിപ്രായം രേഖപ്പെടുത്തു