പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴപ്പിള്ളി സ്വദേശി പിഎൻ രാജേഷ് ഭാര്യ നിഷ, മകൻ ആനന്ദ് രാജ് എന്നിവരാണ് മരിച്ചത്. ഒന്നര വർഷമായി പെരുവാരം സർക്കാർ ആശുപത്രിക്ക് സമീപത്തുള്ള വാടക വീട്ടിലായിരുന്നു ഇവരുടെ താമസം.

രാവിലെ ആരെയും പുറത്ത് കാണാത്തതിനാൽ വീട്ടുടമ എത്തി ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. എവിടെയെങ്കിലും പോയതാകാമെന്ന് കരുതി തിരിച്ചു പോയ വീട്ടുടമ വൈകിട്ട് ആയിട്ടും കാണാതായതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.