അപമാനിച്ചവനെ അറസ്റ്റ് ചെയ്യൂ പോലീസേ : കൈക്കുഞ്ഞുമായി എസ്‌പി ഓഫീസിന് മുന്നിൽ വീട്ടമ്മയുടെ പ്രതിഷേധം

ആലുവ: തന്നെ അപമാനിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൈക്കുഞ്ഞുമായി വീട്ടമ്മയുടെ പ്രതിഷേധം. ആലുവയിലെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് മുൻപിലാണ് വീട്ടമ്മ പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധിക്കാൻ ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. പൊയ്ക്കാട്ടുകര സ്വദേശിനി സേതുലക്ഷ്മിയാണ് പ്രതിഷേധ സമരവുമായി എത്തിയത്. കഴഞ്ഞ വർഷം നെടുവണ്ണൂരിൽ വച്ച് സന്ദീപ് എന്നയാൾ സേതുലക്ഷ്മിയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു.

അത് ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സേതുലക്ഷ്മിയുടെ പ്രതിഷേധം. പ്രതിഷേധ വിവരം അറിഞ്ഞതോടെ മാധ്യമ പ്രവർത്തകർ എസ്പി ഓഫീസിൽ എത്തിയതോടെ പോലീസ് യുവതിയുമായി അനുരഞ്ജന ചർച്ച നടത്താൻ ശ്രമം നടത്തി. പക്ഷെ സേതുലക്ഷ്മി വഴങ്ങിയില്ല. തുടർന്ന് റൂറൽ എസ്പി ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പ് നൽകിയതോടെ സേതുലക്ഷ്മി സമരം അവസാനിപ്പിക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു