തെരെഞ്ഞെടുപ്പ് ചൂടിനിടയിൽ എൻഡിഎ സ്ഥാനാർഥി അലക്സിനെ തേടിയെത്തിയത് ദുരന്ത വാർത്ത ; ആശ്വസിപ്പിക്കാനാവാതെ നാട്ടുകാർ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലാണ് ഉറുകുന്ന് ആറാം വാർഡിൽ എൻഡിഎ സ്ഥാനാർഥി അലക്സിനെ തേടി മക്കളുടെ ദുരന്ത വാർത്ത എത്തിയത്. കടയിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടികളുടെ ദേഹത്തേയ്ക്ക് അമിത വേഗതയിൽ എത്തിയ ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അലക്സിന്റെ മക്കളായ ശാലിനി, ശ്രുതി ഇവരുടെ കൂട്ടുകാരിയും അയൽവാസിയും ആയ കെസിയ എന്നിവരാണ് മരിച്ചത്. പ്രചാരണ സ്ഥലത്തു വച്ചാണ് അലക്സ് കുട്ടികളുടെ വിയോഗ വാർത്ത അറിഞ്ഞത്. ശ്രുതിയുടെ വിയോഗ വാർത്ത മാത്രമേ അലക്സിനെ അറിയിച്ചിരുന്നുള്ളു. മക്കൾക്ക് പറ്റിയ അപകടം അലക്സിനെ മാനസികമായി തളർത്തി. ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ വളരെ പ്രയാസപ്പെട്ടു.

ഉറുകുന്ന് സൊസൈറ്റിക്ക് സമീപം അലക്സ് നടത്തുന്ന ചായക്കടയിലേക്ക് പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞു ബോധരഹിതയായ അലക്സിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറവൻതാവളത്ത് ലോഡിങ് തൊഴിലാളിയായ കുഞ്ഞുമോന്റെ മകളാണ് മരിച്ച കെസിയ. കുഞ്ഞുമോനെയും മകളുടെ വിയോഗം തളർത്തിയിരിക്കുകയാണ്. കെസിയയുടെ മാതാവ് വിദേശത്താണ്. കേരളത്തിൽ പച്ചക്കറി ഇറക്കി തിരിച്ചു തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനമാണ് നടന്നു പോവുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത്.

പരിക്കേറ്റ കുട്ടികളെ നാട്ടുകാർ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രുതിയും കെസിയയും മരിച്ചു. പ്രാഥമിക ശുശ്രുഷയ്ക് ശേഷം ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശാലിനി ഇടമണ്‍ വിഎച്ച്‌എസ്‌എസ് ഒന്‍പതാം ക്ലാസിലെയും ശ്രുതി ഒറ്റക്കല്‍ വെല്‍ഫെയര്‍ യുപിഎസ് ആറാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ്. ഒറ്റക്കല്‍ ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കെസിയ.

അഭിപ്രായം രേഖപ്പെടുത്തു