കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടും ഭക്തർ എത്തുന്നില്ല ; ശബരിമല വരുമാനത്തിൽ ദേവസ്വത്തിന് കനത്ത നഷ്ടം

സന്നിധാനം : ശബരിമലയും സന്നിധാനവും ശൂന്യം ഭക്തരുടെ അസാന്നിധ്യം വരുമാനത്തിലും വൻ ഇടിവുണ്ടാക്കിയിരിക്കുകയാണ്. വരുമാനം കുറഞ്ഞതോടെ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തി കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടും ഭക്തരെത്തുന്നില്ല. മുൻ കാലങ്ങളിൽ പതിനെട്ടാം പറ്റി കയറാൻ നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പ് ആവിശ്യമായിടത്ത് ഇപ്പോൾ കാത്ത് നിൽക്കുകയും വേണ്ട സാവധാനം തിക്കും തിരക്കുമില്ലാതെ ഓരോ പടിയും തൊട്ട് തൊഴുത് പോകുകയും ചെയ്യാം എന്ന സ്ഥിതിയിലാണ്.

ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനമായ അരവണയും അപ്പവും മുൻകാലങ്ങളിൽ ഒരു ദിവസം കൊണ്ട് വിറ്റു പോകുന്നതിന്റെ പകുതി പോലും 20 ദിവസം കൊണ്ട് വിറ്റു പോയില്ല. കഴിഞ്ഞ വർഷം വൃശ്ചികം ഒന്നിന് അരവണയും,അപ്പവും വിറ്റ വകയിൽ ലഭിച്ചത് 3 .32 കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ ഇരുപത് ദിവസം പിന്നിട്ടിട്ടും ആകെ ലഭിച്ച വരുമാനം 65 ലക്ഷം രൂപ മാത്രം.