കൃഷ്ണദാസ് പക്ഷം” എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ല ,ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ല ; പികെ കൃഷ്ണദാസ്

ബിജെപിയിൽ വിഭാഗീയതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കൃഷ്ണദാസ് എന്നൊരു പക്ഷം പാർട്ടിയിൽ ഇല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും കൃഷ്ണദാസ്. പാർട്ടി ഒറ്റക്കെട്ടായാണ് തെരെഞ്ഞടുപ്പിനെ നേരിട്ടത് നല്ല മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം :

വാർത്ത അടിസ്ഥാന രഹിതം
ബി.ജെ.പിയിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. “കൃഷ്ണദാസ് പക്ഷം” എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സത്യത്തിൽ എൻ്റെ അറിവിലോ സമ്മതത്തിലോ ഒരു കത്ത് ദേശീയ നേതൃത്വത്തിന് നൽകിയിട്ടില്ല. ഈ സംഘടനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും ചേർത്ത് വാർത്ത മെനയുന്നത്.പാർട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്, നല്ല മുന്നേറ്റമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. ഇനി അധികം സമയമില്ല. ഇത്തരം വാർത്തകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഇടത് മാധ്യമ സിൻഡിക്കറ്റിൻ്റെ അജണ്ടയാണ്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ടു പോകും.