മൂന്ന് മാസം മാത്രമേ മഞ്ഞ ചരടിന് മൂല്യമുണ്ടാകു ; ദുരഭിമാന കോല,കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കുടുംബം

പാലക്കാട് : തേങ്കുറിശ്ശിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം രംഗത്ത്. തേങ്കുറിശ്ശി സ്വദേശി അനീഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. അനീഷിന് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നതായും എന്നാൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും അനീഷിന്റെ കുടുംബം പറയുന്നു.

മൂന്ന് മാസത്തിനുള്ളിൽ എല്ലാം അവസാനിക്കുമെന്നും മൂന്ന് മാസം മാത്രമേ മഞ്ഞ ചരടിന് മൂല്യമുണ്ടാകു എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി ഹരിത പറയുന്നു. നീണ്ട പ്രണയത്തിന് ശേഷമാണ് ഹരിതയും അനീഷും വിവാഹിതരാകുന്നത്. വ്യത്യസ്ത ജാതി ആയതിനാൽ ഹരിതയുടെ വീട്ടിൽ എതിർപ്പുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ ബന്ധത്തിന് ആയുസുണ്ടാവു എന്ന് ഹരിതയുടെ പിതാവ് ഭീഷണി മുഴക്കിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനീഷും സഹോദരനും സോഡ കുടിക്കാൻ കടയിൽ കയറിയപ്പോഴാണ് പിന്തുടർന്ന് വന്ന ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കും വഴി മരണം സംഭവിക്കുകയായിരുന്നു.