പരപുരുഷ ബന്ധമെന്ന് സംശയം ; ഷഹീർ മുഹ്‌സിലയെ കൊലപ്പെടുത്തിയതിനുള്ള കാരണം വെളിപ്പെടുത്തി പോലീസ്

മുക്കം : ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അവിഹിതമെന്ന സംശയത്തിലെന്ന് പോലീസ്. ആറു മാസം മുൻപ് വിവാഹം കഴിച്ച യുവതിയെയാണ് ഭർത്താവ് സംശയത്തിന്റെ പേരിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷെഹീറാണ് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യ മുഹ്‌സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കിടപ്പ് മുറിയിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് മാതാപിതാക്കൾ എത്തിയെങ്കിലും വാതിൽ തുറക്കാൻ ഷെഹീർ തയ്യാറായില്ല. അയൽവാസികൾ എത്തിയതോടെ ഷഹീർ വാതിൽ തുറന്ന് ഓടുകയായിരുന്നു. കഴുത്ത് അറുത്ത നിലയിൽ കാണപ്പെട്ട മുഹ്‌സിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്ത് ജോലി ചെയ്തിരുന്ന ഷഹീർ ആറു മാസം മുൻപാണ് മുഹ്‌സിലയെ വിവാഹം കഴിച്ചത്. തന്നെക്കാൾ പ്രായം വളരെ കുറവായിരുന്ന മുഹ്‌സിലയെ തനിച്ചാക്കി വിദേശത്തേക്ക് പോകാൻ ഷഹീർ തയ്യാറായിരുന്നുന്നില്ല. അതിനാൽ വിദേശത്തുള്ള ജോലി ഉപേക്ഷിക്കുകയായിരുന്നു. മുഹ്സിലയ്ക്ക് പരപുരുഷ ബന്ധമുള്ളതായി ഷെഹീർ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം ഓടിരക്ഷപെട്ട ഷഹീറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു