വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി ; വ്യാജ വനിത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വ്യാജ വനിത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ഹിസാന മന്‍സിലില്‍ സോഫി മോള്‍ (43) ആണ് അറസ്റ്റിലായത്. മാസങ്ങളായി ഡീസന്റ് മുക്കില്‍ ചികിത്സ നടത്തി വരുന്നതിനിടെയാണ് സോഫി മോള്‍ പോലീസ് പിടിയിലായത്. സംസ്ഥാനത് വിവിധയിടങ്ങളിൽ സമാന രീതിയിൽ ഡോക്ടർ ആയി സോഫി മോള്‍ തട്ടിപ്പ് നടത്തിയിരുന്നു.

‘വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി’ എന്ന ഫെയ്സ്ബുക് അക്കൗണ്ട് ഉപയോഗിച്ചാണ് മാറാരോഗങ്ങള്‍ അടക്കം മാറ്റുമെന്ന് ഉറപ്പു നൽകി ചികിത്സയ്ക്കു പ്രചാരം നൽകിയിരുന്നത്. ഫേസ്‌ബുക്ക് വഴി അറിഞ്ഞാണ് ആളുകൾ വ്യാജ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നത്. പെരിങ്ങമ്മല സ്വദേശിയായ സോഫി മോള്‍. കാസർഗോഡ് ആണ് താമസിച്ചുവരുന്നത്. നേരത്തെ ഭർത്താവും വ്യാജ ചികിത്സയ്ക്ക് കൂട്ട് നിന്നിരുന്നു പിന്നീട് ഇവർ തമ്മിൽ പിരിഞ്ഞതിന് ശേഷം സോഫി മോൾ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സോഫി തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ കളരി മര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഈ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിലാണ് സര്‍ജറി അടക്കമുള്ള ചികിത്സ നടത്തി വന്നത്. ഫേസ്ബുക്കിലെ പരസ്യം ശ്രദ്ധയിൽപെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍ കുടുങ്ങിയത്

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ. മധു അന്വേഷണത്തിന് നിര്‍ദേശിച്ചു. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടറെ തിരിച്ചറിഞ്ഞത്. ഇവരില്‍ നിന്ന് ഡോ. സോഫിമോള്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സോഫിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.