പാലക്കാടും മലമ്പുഴയിലും ബിജെപി അട്ടിമറി വിജയം നേടും ; സിപിഎം പരിഭ്രാന്തിയിൽ

പാലക്കാട് : പാലക്കാട്ടും മലമ്പുഴയിലും ബിജെപി അട്ടിമറി വിജയം നേടുമെന്ന് സിപിഎം ന് ഭയം. ഈ രണ്ടു മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കി എന്ന് മന്ത്രി എകെ ബാലൻ പറഞ്ഞത് ഇതിന് തെളിവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയും ബിജെപി ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. 2016 ലെ തെരെഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനും, എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻ എൻ കൃഷ്ണദാസും,യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലുമാണ് മത്സരിച്ചത്. പാലക്കാട് നിന്ന് ഷാഫി പറമ്പിൽ 57559 വോട്ട് നേടി ജയിച്ച് കയറിയപ്പോൾ ബിജെപിയുടെ ശോഭ സുരേന്ദ്രൻ 40076 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 17000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിച്ചത്.

എന്നാൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടുമൊരു തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ്സും ബിജെപിയും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. 2011 ൽ ബിജെപിക്ക് 19.86 ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത് എന്നാൽ 2016 ആയപ്പോഴേക്കും 29.08 ശതമാനമായി വളർന്നു. എന്നാൽ കോൺഗ്രസ്സിന് വോട്ട് ശതമാനത്തിൽ കാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിലും സിപിഎം ന് 2011 നെ അപേക്ഷിച്ച് 7 ശതമാനത്തോളം വോട്ട് കുറയുകയാണ് ഉണ്ടായത്.

ഇത്തവണ ബിജെപി ശോഭ സുരേന്ദ്രന് പകരം മെട്രോമാൻ ഇ ശ്രീധരനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ഇ ശ്രീധരന്റെ വ്യക്തി പ്രഭാവത്തിന് വോട്ട് നേടാനായാൽ വലിയൊരു ഭൂരിപക്ഷത്തിൽ ബിജെപി പാലക്കാട് മണ്ഡലത്തിൽ നിന്നും ജയിച്ച് കയറും. വികസനം ചർച്ച ചെയ്യാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് ബിജെപി പാലക്കാട് മത്സരിപ്പിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് വ്യക്തമായ സ്വാധീനം നിലവിൽ ഉള്ളതും ശബരിമല അടക്കമുള്ള വിഷയം ചർച്ചയാകുന്നതും ബിജെപി യുടെ വിജയത്തിന് സാധ്യത വർധിപ്പിക്കുന്നു.

പാലക്കാട് കഴിഞ്ഞാൽ ബിജെപി ശക്തമായ മത്സരം കാഴ്ച വയ്ക്കുന്ന മറ്റൊരു മണ്ഡലമാണ് മലമ്പുഴ. 2016 ൽ സിപിഎം ന്റെ മുതിർന്ന നേതാവ് വിഎസ് അച്ചുദാനന്തൻ മത്സരിച്ച മണ്ഡലം കൂടിയാണ് മലമ്പുഴ. വിഎസ് അച്ചുദാനന്തൻ 73299 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ സി കൃഷ്ണകുമാർ 46157 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച വിഎസ് ജോയ് 35333 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിനോടാണ് ബിജെപി മത്സരിക്കുന്നതെങ്കിൽ മലമ്പുഴയിൽ മത്സരിക്കുന്നത് സിപിഎം നോടായിരിക്കും. വിഎസ് 2011 ൽ 27142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ബിജെപിക്ക് ജയസാധ്യത വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച സി കൃഷ്ണകുമാർ തന്നെയാണ് ഇത്തവണയും ബിജെപിക്ക് വേണ്ടി മത്സര രംഗത്തുള്ളത്.

വിഎസ് അച്ചുദാനന്തൻ എന്ന വികാരം ഇത്തവണ ഇല്ലാത്തതും ബിജെപിയുടെ സാധ്യത വർധിപ്പിക്കുന്നു. വിഎസ് ന്റെ പിൻഗാമിയായി എത്തുന്ന എ പ്രഭാകരന് എത്രത്തോളം വോട്ടർമാരെ സ്വാധിനിക്കാൻ കഴിയുമെന്ന് കണ്ടറിയേണ്ടതാണ്. വിഎസ് ന്റെ സന്തത സഹചാരിയായ എ പ്രഭാകരൻ നിലവിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നില്ല. മലമ്പുഴ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥി സി കൃഷ്ണകുമാറിന് ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബിജെപി വിജയിച്ച് കയറാനുള്ള സാധ്യത ഇടത്പക്ഷവും തള്ളി കളയുന്നില്ല. ഇടത്പക്ഷത്തെ ഇത്രയും നാളും കൈവിടാത്ത മണ്ഡലത്തിൽ ബിജെപി വിജയിച്ചാൽ അതൊരു ചരിത്ര നിമിഷമായിരിക്കും.