ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകണമെന്ന് ആഗ്രഹിച്ച സഹോദരനെ ജേഷ്ഠൻ കൊലപ്പെടുത്തി

പത്തനംതിട്ട: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സഹോദരനെ ജേഷ്ഠൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പത്തനംതിട്ട തണ്ണിത്തോട് സ്വദേശി പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി എബി യെ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിയേറ്റ സഹോദരൻ ജെറിൻ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.

ജെറിൻ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.തന്റെ ആഗ്രഹം ജേഷ്ഠനായ ജസ്റ്റിനോട് ജെറിൻ പറയുകയും എന്നാൽ ജസ്റ്റിൻ എതിർത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടയിൽ പ്രകോപിതനായ ജസ്റ്റിന്‍ വിറക് കൊള്ളി ഉപയോഗിച്ച്‌ ജെറിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട ജെറിനെ ജസ്റ്റിൻ കുളിപ്പിച്ച് ബെഡിൽ കിടത്തുകയായിരുന്നു.

മാതാപിതാക്കൾ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോൾ ബോധരഹിതനായി ബെഡിൽ കിടക്കുന്ന ജെറിനെയാണ് കണ്ടത്. അപസ്മാരം വന്നതാണെന്ന് കരുതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോന്നി താലൂക്ക് ആശുപത്രിയിലും പതനതിട്ട ജില്ലാ ആശുപ്ത്രിയിലും ചികിത്സ തേടിയെങ്കിലും ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ കഴിയവേ ജെറിൻ മരണപ്പെടുകയും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടത്തുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജസ്റ്റിനെ അറസ്റ്റ് ചെയ്തത്. ജെറിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച വിറക് കൊള്ളി വീട്ടിലെ അലമാരയ്ക്ക് മുകളിൽ നിന്നും പോലീസ് കണ്ടെടുത്തു.