ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ആലോചിക്കണം ; കൊല്ലം രൂപതയ്‌ക്കെതിരെ പിണറായി വിജയൻ

കൊല്ലം: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത്പക്ഷ സർക്കാരിനെ വിമർശിച്ച് ഇടയലേഖനം പുറത്തിറക്കിയ കൊല്ലം അതിരൂപതയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കൊല്ലം രൂപത ഇറക്കിയ ഇടയലേഖനം ചോദ്യം ചെയ്യപ്പെടണമെന്നും. ഇടയലേഖനത്തിൽ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഏറ്റുപിടിച്ചാണ് സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആരോപിക്കുന്ന കാര്യങ്ങൾ അവർക്ക് തന്നെ ബോധ്യമില്ലാത്തതാണെന്നും പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്ന ആരോപണങ്ങൾ വിശ്വസിച്ച് സംസ്ഥാന സർക്കാരിനെതിരെ പുറത്തിറക്കിയ ഇടയലേഖനം ശരിയാണോ എന്നത് ബന്ധപ്പെട്ടവർ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയക്കാർ ഇല്ലാക്കഥകൾ ഉയർത്താറുണ്ട് എന്നാൽ സമൂഹം അതൊക്കെ സ്വീകരിക്കാറുണ്ടോ എന്ന് നോക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം രൂപത കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടയലേഖനം ഇറക്കിയത്. ഇടത് സർക്കാരിന്റെ ഭരണ പരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് ലേഖനം.